രാജ്യസഭാ സീറ്റ് വിവാദം; മുകുള്‍ വാസ്‌നിക് രാഹുലിനെ തെറ്റിദ്ധരിപ്പിച്ചു: പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
Kerala News
രാജ്യസഭാ സീറ്റ് വിവാദം; മുകുള്‍ വാസ്‌നിക് രാഹുലിനെ തെറ്റിദ്ധരിപ്പിച്ചു: പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th June 2018, 11:01 am

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ലഭിച്ച വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എം.പിമാരില്‍ ചിലരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് യഥാര്‍ഥ വസ്തുതകള്‍ രാഹുലിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. കേരളത്തില്‍ പാര്‍ട്ടിയുടെ നില ശരിയായിട്ടറിഞ്ഞിട്ടും വിവരങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാന്‍ മുകുള്‍ വാസ്‌നിക് തയ്യാറായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.


ALSO READ: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയിലെ യൂദാസുമാര്‍: ഇരുവരുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം


ഗ്രൂപ്പ് നേതാക്കള്‍ തീരുമാനമെടുത്താല്‍ അത് കേരളത്തിലംഗീകരിക്കപ്പെടും എന്നാണ്
മുകുള്‍ വാസ്‌നിക് രാഹുലിനെ ധരിപ്പിച്ചത്. അത്തരത്തില്‍ യഥാര്‍ഥ വസ്തുത രാഹുല്‍ ഗാന്ധിയെ അറിയിക്കുന്നതില്‍ പരാജിതനാണ് മുകുള്‍ വാസ്‌നിക് എന്നാണ് പരാതിയില്‍ പറയുന്നത്.

കൃത്യമായ വിവരങ്ങള്‍ നേതൃത്വത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന രീതി ഇനിയെങ്കിലും ഒഴിവാക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും നേതാക്കളുടെ പരാതിയില്‍ പറയുന്നു.