പേര് പോലെ തന്നെ, ഇപ്പോള്‍ ശരിക്കും അടിമയായി; ഗുലാം നബി ആസാദിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
national news
പേര് പോലെ തന്നെ, ഇപ്പോള്‍ ശരിക്കും അടിമയായി; ഗുലാം നബി ആസാദിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2023, 12:20 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ രംഗത്ത്. പേര് പോലെ തന്നെ ഗുലാം നബി ബി.ജെ.പിയുടെ അടിമയായി തീര്‍ന്നെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിഷയത്തില്‍ പ്രതികരിച്ചത്.

നല്ലൊരു ആസാദ്(സ്വതന്ത്രന്‍) ബി.ജെ.പിയുടെ ഗുലാമായി(അടിമ) മാറിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിന്ദെയുടെയും പ്രതികരണം. കൂടാതെ എം.പി സ്ഥാനമൊഴിഞ്ഞിട്ടും ദല്‍ഹിയിലെ വസതിയില്‍ ഗുലാം നബി തുടരുന്നത് ബി.ജെ.പി സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെയാണെന്നും സുപ്രിയ ചൂണ്ടിക്കാട്ടി.

അതേസമയം ബി.ജെ.പിയില്‍ നിന്നും എന്തെങ്കിലും കാര്യം നേടിയെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കലെന്നും അതാണ് ഗുലാം നബി ചെയ്തതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

‘ബി.ജെ.പിയുമായി കൃത്യമായ ധാരണയിലെത്തിയതിന് ശേഷമാണ് ഗുലാം നബിയുടെ പ്രവര്‍ത്തികളെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് എന്തെങ്കിലും നേടിയെടുക്കാനുള്ള ആദ്യ നിബന്ധന രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കലാണ്. അതാണദ്ദേഹം ചെയ്യുന്നത്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് വിട്ടതോടെ താന്‍ സ്വതന്ത്രനായി എന്നാണദ്ദേഹം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായിട്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹമൊരു അടിമയായി(ഗുലാം) കഴിഞ്ഞെന്നാണ് മനസിലാവുന്നത്,’ പവന്‍ ഖേര പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ ആത്മകഥയിലാണ് കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കൊണ്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയത്. ഔദ്യോഗികമായി കോണ്‍ഗ്രസ് വിട്ടതിന് ശേഷം പാര്‍ട്ടിയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിരുന്നത്.

രാഹുല്‍ ഗാന്ധി കാരണമാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും കോണ്‍ഗ്രസിന് പൊതു തെരഞ്ഞെടുപ്പുകള്‍ വിജയിക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല പ്രാദേശിക നേതാക്കളുടെ കഴിവ് കൊണ്ടാണ് ഇതുവരെ കോണ്‍ഗ്രസ് നിലനിന്നതെന്നും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Congress leaders slams gulam nabi on his remarrk on rahul gandhi