| Sunday, 18th December 2022, 8:11 am

'കാവി നിറം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ ഗ്രൂപ്പിന്റെയോ പേറ്റന്റല്ല'; പത്താന്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായ പത്താന്‍ സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കൊണ്ടുവന്ന വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.

കാവി നിറം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ ഗ്രൂപ്പിന്റെയോ പേറ്റന്റല്ലെന്നും ചിലര്‍ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിവാദത്തെ
ഉപയോഗിക്കുന്നെന്നും കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി ഉദിത് രാജ് പറഞ്ഞു.

സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാന്‍ ‘രാഷ്ട്ര ഭക്ത്’ (ദേശസ്‌നേഹി) ആണെന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി. രാജീവ് ശുക്ലയുടെ പ്രതികരണം. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് ഷാരൂഖ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഷാരൂഖ് ഖാന്‍ എപ്പോഴും പോസിറ്റീവായി കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യക്തിയാണ്. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്.
ഷാരൂഖ് മുമ്പ് പറഞ്ഞത് ശരിയാണ്. അദ്ദേഹം ഒരു രാഷ്ട്ര ഭക്തനാണ്,’ രാജീവ് ശുക്ല പറഞ്ഞു.

അതേസമയം, പത്താനിലെ ബേഷരം രംഗ് എന്ന പാട്ടിലെ നടി ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെ തുടങ്ങിയ ആക്രമണം പിന്നീട് ബി.ജെ.പിയും വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഏറ്റെടുത്തിരുന്നു.

സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

ഈ വിവാദങ്ങള്‍ക്കിടയില്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനവേദിയില്‍ വെച്ചായിരുന്നു ഷാരൂഖ് ഇത് പറഞ്ഞത്.


Content Highlight: Congress leaders said Saffron color is not a patent of any party or group on Pathan movie controversial

We use cookies to give you the best possible experience. Learn more