ന്യൂദല്‍ഹി: ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായ പത്താന്‍ സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കൊണ്ടുവന്ന വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.
കാവി നിറം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ ഗ്രൂപ്പിന്റെയോ പേറ്റന്റല്ലെന്നും ചിലര്‍ തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിവാദത്തെ
ഉപയോഗിക്കുന്നെന്നും കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി ഉദിത് രാജ് പറഞ്ഞു.
സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാരൂഖ് ഖാന്‍ ‘രാഷ്ട്ര ഭക്ത്’ (ദേശസ്‌നേഹി) ആണെന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി. രാജീവ് ശുക്ലയുടെ പ്രതികരണം. സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് ഷാരൂഖ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഷാരൂഖ് ഖാന്‍ എപ്പോഴും പോസിറ്റീവായി കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യക്തിയാണ്. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്.
ഷാരൂഖ് മുമ്പ് പറഞ്ഞത് ശരിയാണ്. അദ്ദേഹം ഒരു രാഷ്ട്ര ഭക്തനാണ്,’ രാജീവ് ശുക്ല പറഞ്ഞു.
അതേസമയം, പത്താനിലെ ബേഷരം രംഗ് എന്ന പാട്ടിലെ നടി ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ട്വിറ്ററിലൂടെ തുടങ്ങിയ ആക്രമണം പിന്നീട് ബി.ജെ.പിയും വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഏറ്റെടുത്തിരുന്നു.