മലപ്പുറം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരായ തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. ആര്‍.എസ്.എസ് പ്രോക്‌സിയെ സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി ഒടുവില്‍ കേരളത്തിന് കീഴടങ്ങിയിരിക്കുന്നുവെന്നാണ് വി.ടി. ബല്‍റാം പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒന്നര വര്‍ഷം വൈകിയ നീതി നിര്‍വഹണം. ആര്‍.എസ്.എസ് പ്രോക്‌സിയെ സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെ പിണറായി വിജയന്‍ ഒടുവില്‍ കേരളത്തിന് കീഴടങ്ങിയിരിക്കുന്നു,’ എന്നാണ് വി.ടി. ബല്‍റാം പ്രതികരിച്ചത്.
എ.ഡി.ജി.പിക്കെതിരായ തീരുമാനം പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തങ്ങളുടെ വിജയമാണെന്ന് പറയാന്‍ കാരണം, എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടുവെന്ന വിവരം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും രാഹുല്‍ പറഞ്ഞു.
ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റുന്നത് ഒരു പരിഹാരമല്ലെങ്കിലും പിണറായി വിജയന്റെ വിശ്വസ്തര്‍ക്ക് ഇതൊരു പാഠമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
നാളെ നടക്കാനിരിക്കുന്ന(തിങ്കളാഴ്ച) നിയമസഭയിലെ പ്രതിപക്ഷ ചോദ്യശരങ്ങളെ പേടിച്ചുള്ള ഈ നടപടി കൊണ്ടൊന്നും സി.പി.ഐ.എം- ആര്‍.എസ്.എസ് കൂട്ടുകെട്ടിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
‘നീ കഴുകനെ പോലെ ഉയര്‍ന്നു പറന്നാലും, നക്ഷത്രങ്ങളള്‍ക്കിടയില്‍ കൂടുകൂട്ടിയാലും, അവിടെ നിന്ന് നിന്നെ താഴെയിറക്കും,’ രാഹുല്‍ കുറിച്ചു.
അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നാണ് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ് തലവനെ കണ്ടതില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കടമയുണ്ട്. ആ വിശദീകരണത്തിന്റെ ഭാഗമാണ് സര്‍ക്കാരെടുത്ത തീരുമാനമെന്നും ബിനോയ് ബിശ്വം ചൂണ്ടിക്കാട്ടി.
തീരുമാനം സി.പി.ഐയുടെ വിജയമല്ലെന്നും ഇടതുപക്ഷ മുന്നണിയുടെ വിജയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. എ.ഡി.ജി.പിക്കെതിരെ ആരോപണം ഉയര്‍ന്ന ആദ്യഘട്ടം മുതല്‍ക്കേ സി.പി.ഐ നടപടി ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ മുഖപത്രമായ ജനയുഗം നിരന്തരമായി എ.ഡി.ജി.പിക്കെതിരെ എഡിറ്റോറിയല്‍ ഉള്‍പ്പെടെ എഴുതിയിരുന്നു.
Content Highlight: Congress leaders react to the decision against ADGP MR.Ajit Kumar