'ദേശീയ കാഴ്ചപ്പാടുള്ള വ്യക്തിത്വം, സംവിധാനരംഗത്തെ പ്രതിഭ'; അഖില്‍ മാരാര്‍ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കള്‍
Kerala News
'ദേശീയ കാഴ്ചപ്പാടുള്ള വ്യക്തിത്വം, സംവിധാനരംഗത്തെ പ്രതിഭ'; അഖില്‍ മാരാര്‍ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd July 2023, 12:33 pm

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് അഖില്‍ മാരാര്‍ക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും.

ദേശീയ കാഴ്ചപ്പാടുള്ള വ്യക്തിത്വമാണ് അഖില്‍ മാരാറെന്നും സിനിമാ സംവിധാന രംഗത്ത് അദ്ദേഹം ശോഭിച്ച പ്രതിഭയാണെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ആത്മകഥയായ ‘പിന്നിട്ട വഴികള്‍’ എന്ന പുസ്തകത്തിന്റെ കോപ്പി അഖില്‍ മാരാര്‍ക്ക് നല്‍കുന്ന പഴയ ഒരു ചിത്രം സമൂഹ മാധ്യങ്ങളില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

‘ദേശീയ കാഴ്ചപ്പാടുള്ള ചിന്തകളും സംഭാഷണങ്ങളും വേണ്ടുവോളം നിറഞ്ഞ വ്യക്തിത്വം, കലാ സാംസ്‌കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്രയോടെ സിനിമാ സംവിധാന രംഗത്തും ശോഭിച്ച പ്രതിഭ.
ഏഷ്യാനെറ്റ് ബിഗ് ബോസ് വിന്നര്‍ അഖില്‍ മാരാര്‍ക്ക് അഭിനന്ദനങ്ങള്‍,’ രമേശ് ചെന്നിത്തല എഴുതി.

‘ബിഗ് ബോസിന്റെ അഭിമാന താരം അഖില്‍ മാരാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍,’ എന്നാണ് അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഫേസ്ബുക്കില്‍ എഴുതിയത്.

ബിഗ് ബോസ് സീസണ്‍ 5 വിജയിയായിട്ടാണ് അഖില്‍ മാരാറെ തെരഞ്ഞെടുക്കപ്പെട്ടത്.
നടന്‍ മോഹന്‍ലാലാണ് കഴിഞ്ഞ ദിവസം വിജയിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചത്. ‘ഒരു താത്വിക അവലോകന’മെന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍. ചാനല്‍ ചര്‍ച്ചകളിലും ഇദ്ദേഹം പങ്കെടുക്കാറുണ്ട്.

റെനീഷ റഹ്‌മാന്‍ ആണ് ഷോയിലെ ഫസ്റ്റ് റണ്ണറപ്പ്. ജുനൈസ് വി.പി സെക്കന്‍ഡ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പോള്‍ ശോഭ വിശ്വനാഥ്, ഷിജു എ.ആര്‍. എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.

Content Highlight: Congress leaders Ramesh Chennithala and Kodikunil Suresh congratulate Asianet’s Bigg Boss reality show winner Akhil Marar