സവർക്കറുടെ ചിത്രമുള്ള ടി ഷർട്ട് ധരിച്ച് വിദ്യാർത്ഥികൾ, പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ
national news
സവർക്കറുടെ ചിത്രമുള്ള ടി ഷർട്ട് ധരിച്ച് വിദ്യാർത്ഥികൾ, പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2024, 9:02 pm

ഗാന്ധിനഗർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ തരംഗ യാത്രയിൽ വി.ഡി സവർക്കറുടെ ചിത്രം പതിച്ച ടി ഷർട്ട് ധരിച്ച് ഗുജറാത്തിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ എത്തുകയും ഇത് വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തു. വിദ്യാർത്ഥികളോട് സവർക്കറുടെ ചിത്രം പതിച്ച ടി ഷർട്ടുകൾ ധരിക്കാൻ ആവശ്യപ്പെട്ടതിനെതിരെ കോൺഗ്രസ് നേതാക്കൾ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

അധ്യാപകരുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് ഗുജറാത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് രുത്വിക് മക്വാന, സേവാദൾ ദേശീയ കൺവീനർ ലാൽജി ദേശായിയും ഉൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ഒന്നിലധികം കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

സുരേന്ദ്രനഗറിലെ ചോട്ടില താലൂക്കിന് കീഴിലുള്ള സംഗനി ഗ്രാമത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള സംഗാനി പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളോടാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സവർക്കറുടെ ചിത്രം പതിച്ച ടി ഷർട്ട് ധരിച്ചെത്താൻ അധ്യാപകർ ആവശ്യപ്പെട്ടത്. ഇതറിഞ്ഞ കോൺഗ്രസ് അംഗങ്ങൾ എത്തുകയും ഇതേ തുടർന്ന് അധ്യാപകരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.

ആർ.എസ്.എസ് നേതാവ് സവർക്കറുടെ ഫോട്ടോകളുള്ള ടീ ഷർട്ടുകൾ ധരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത് ശരിയാണോയെന്നും വിദ്യാർത്ഥികളെക്കൊണ്ട് ഇത്തരം വേഷം കെട്ടിക്കാൻ ലജ്ജയില്ലേ എന്നും ദേശായി പ്രിൻസിപ്പൽ ചൗഹാനോട് ചോദിച്ചു.

‘മഹാത്മാഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത സവർക്കറുടെ ടീ-ഷർട്ട് വിദ്യാർത്ഥികളെക്കൊണ്ട് ധരിപ്പിക്കാൻ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?,’ അദ്ദേഹം ചോദിച്ചു.

തരംഗ യാത്രക്കായി ടി-ഷർട്ടുകൾ സമ്മാനിച്ചത് മുംബൈ ആസ്ഥാനമായുള്ള ഒരു ട്രസ്റ്റാണെന്ന് കൽപേഷ് ചൗഹാൻ മറുപടി നൽകി. ആരെങ്കിലും നാഥുറാം ഗോഡ്‌സെയുടെ ടീ-ഷർട്ടുകൾ ധരിക്കാൻ പറഞ്ഞാൽ നിങ്ങളത് ചെയ്യുമോ എന്നും എങ്കിൽ താൻ രംഗബില്ലയുടെയോ ദാവൂദിൻ്റെയോ ടീ-ഷർട്ടുകൾ ധരിക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ അതും ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു.

 

പിന്നാലെ വാക്കേറ്റം ഉണ്ടാവുകയും സ്കൂൾ പ്രിൻസിപ്പൽ കൽപേഷ് ചൗഹാൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് മക്വാനയും ദേശായിയും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 126(2) , 197(1)(സി) (രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ) 197(1)(ഡി) (ഇന്ത്യയെ അപകടപ്പെടുത്തുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക, അല്ലെങ്കിൽ പരമാധികാരം, ഐക്യം, സമഗ്രത,  സുരക്ഷിതത്വം എന്നിവ ഹനിക്കുക ), 221 (ചുമതല നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ), 352 (സമാധാന അന്തരീക്ഷത്തെ ബോധപൂർവം ഇല്ലാതാക്കാൻ ശ്രമിക്കൽ ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

 

Content Highlight: Congress leaders protest against govt school students wearing Savarkar T-shirts, booked