| Sunday, 24th March 2019, 9:24 am

രാഹുല്‍ മത്സരിക്കേണ്ടത് ഇടതുപക്ഷത്തിനെതിരേയല്ല; വിയോജിപ്പുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടതുപക്ഷം ദേശീയതലത്തില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇടതുനേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് നിലപാടെടുക്കുന്ന ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ എന്ത് സന്ദേശമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.

ALSO READ: രാഹുലിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിയും

“രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നത് കൊണ്ട് തെരഞ്ഞെടുപ്പ് പോരാട്ട രംഗത്ത് എന്തെങ്കിലും പ്രത്യേകത ഉണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ് ? ബി.ജെ.പിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുക. അത് ശരിയാണോയെന്ന് ചിന്തിക്കണം.”

ബി.ജെ.പിയെ പരാജയപ്പെടുത്തുക പ്രധാനമാണ്. ബി.ജെ.പിക്കെതിരായ ശക്തമായ നീക്കമാണ് രാജ്യത്തെ മതനിരപേക്ഷ ശക്തികളെല്ലാം നടത്തുന്നത്. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠിയടക്കം രണ്ട് സീറ്റുകള്‍ യു.പിയിലെ ശക്തികളായ എസ്.പിയും ബി.എസ്.പിയും മാറ്റിവെച്ചിട്ടുണ്ട്. യോജിപ്പും ധാരണയുമൊന്നുമില്ലെങ്കിലും രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ മഹത്വമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ALSO READ: കുറച്ചുകൂടി പോയാല്‍ ശ്രീലങ്കയില്‍ ലാന്‍ഡ് ചെയ്യാം; രാഹുലിനെ പരിഹസിച്ച് കണ്ണന്താനം

ബി.ജെ.പിയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തില്‍ ഇടതുപക്ഷവുമായി നേരിട്ട് മത്സരത്തിനിറങ്ങുന്നത് ഗുണകരമാകില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

അതേസമയം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമായേക്കും. ഇന്ന 11.30 ന് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തെ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ALSO READ: അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ ശ്രമിക്കുകയാണ്: പി ജയരാജന്‍

തമിഴ്‌നാട്ടിലെ ശിവഗംഗയിലും രാഹുല്‍ മത്സരിച്ചേക്കുമെന്ന സൂചനയാണ്. ഇവിടെ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more