| Sunday, 10th January 2021, 12:50 pm

'ഇനിയും ഗ്രൂപ്പുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവര്‍ സ്വന്തം വിധി നിര്‍ണയിക്കുകയാണ്'; ആദ്യം കോണ്‍ഗ്രസ് എന്ന് പറയാന്‍ പഠിക്കണം നേതാക്കള്‍; എം.കെ മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇനിയും വ്യക്തിഗത ഗ്രൂപ്പൂകളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ അവരുടെ തന്നെ വിധി നിര്‍ണയിക്കുന്നു എന്നേ കരുതാന്‍ ആകുകയുള്ളുവെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ മുനീര്‍. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.കെ മുനീറിന്റെ പ്രതികരണം.

രമേശ് ചെന്നിത്തലയാകട്ടെ, ഉമ്മന്‍ചാണ്ടിയാകട്ടെ മുല്ലപ്പള്ളിയാകട്ടെ, ശശിതരൂര്‍ ആകട്ടെ, കെ.മുരളീധരനാകട്ടെ അവര്‍ ആദ്യം എടുക്കേണ്ട തീരുമാനം ആദ്യം കോണ്‍ഗ്രസ് എന്നതാണ്. ആ ഒരു തീരുമാനത്തിലെത്തിയാല്‍ പരിഹരിക്കാനുള്ളതേയുള്ളൂ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

”ഗ്രൂപ്പ് സമവാക്യങ്ങള്‍ കോണ്‍ഗ്രസിലെ വലിയ പ്രശ്‌നമാണ്. ഇനിയും അവര്‍ വ്യക്തിഗത ഗ്രൂപ്പ് വിഷയങ്ങളാണ് എടുത്ത് കൈകാര്യം ചെയ്യാന്‍ പോകുന്നതെങ്കില്‍ അവര്‍ അവരുടെ തന്നെ വിധി നിര്‍ണയിക്കുന്നു എന്നേ പറയാന്‍ സാധിക്കുകയുള്ളൂ.

സത്യത്തില്‍ രമേശ് ചെന്നിത്തലയാകട്ടെ, ഉമ്മന്‍ചാണ്ടിയാകട്ടെ മുല്ലപ്പള്ളിയാകട്ടെ, ശശിതരൂര്‍ ആകട്ടെ, കെ.മുരളീധരനാകട്ടെ അവര്‍ ആദ്യം എടുക്കേണ്ട തീരുമാനം ആദ്യം കോണ്‍ഗ്രസ് എന്നതാണ്. ആ ഒരു തീരുമാനത്തിലെത്തിയാല്‍ പരിഹരിക്കാനുള്ളതേയുള്ളൂ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍.

കോണ്‍ഗ്രസിന്റെ കൂട്ടായ നേതൃത്വം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ മാത്രമേ എല്ലാ സമവാക്യങ്ങളും പൂര്‍ത്തിയാകുകയുള്ളൂ. ഈ നേതാക്കളുടെയെല്ലാം മേഖലകള്‍ വ്യത്യസ്തമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന, കുറേക്കൂടി വിദ്യാസമ്പന്നരായ, ബ്യൂറോക്രാറ്റ് ടെക്‌നോക്രാറ്റ് ആളുകളെ കൂടെകൂട്ടാന്‍ ശശി തരൂരാണ് നല്ലത്.

രമേശ് ചെന്നിത്തല പാര്‍ട്ടി പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം കൊണ്ടുനടക്കാന്‍ രമേശിന് സാധിക്കും. അദ്ദേഹം സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ അദ്ദേഹം അവിടെ ഒറ്റപ്പെടാന്‍ പാടില്ല. അദ്ദേഹത്തിന് സപ്പോര്‍ട്ട് വേണം.

ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞാല്‍ ഏറ്റവും അടിത്തട്ടിലുള്ള ആളുകള്‍ക്ക് അത്താണിയെന്ന നിലയില്‍ നില്‍ക്കുന്നയാളാണ്. മുരളിക്കും മുരളീയുടേതായിട്ടുള്ള പ്രത്യേകതകള്‍ ഉണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിന്ന് കാര്യങ്ങള്‍ ക്രിസ്പ് ആയി അവതരിപ്പിക്കാന്‍ സാധിക്കുന്നയാളാണ് മുരളി.

ഇതെല്ലാം കൂടി ഒരുമിച്ച് നിന്ന് കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന് നേരിടാന്‍ സാധിക്കില്ല. സി.പി.ഐ.എം പിണറായി വിജയന്‍ എന്ന ഒരൊറ്റ ആളിലാണ് നേതൃത്വത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയരാഘവന്‍ പോലും അവിടെ അപ്രസക്തമാണ്.

അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റകെട്ടായി നിന്നു കഴിഞ്ഞാല്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാവി ഇരുളടഞ്ഞതൊന്നുമല്ല,” എം.കെ മുനീര്‍ പറഞ്ഞു.

ഇന്ന് ഇന്ത്യയില്‍ കോണ്‍ഗ്രസിന് പകരംവെക്കാന്‍ മറ്റൊരു പാര്‍ട്ടിയില്ല. കോണ്‍ഗ്രസ് ദുര്‍ബലമാകും തോറും ബി.ജെ.പി ശക്തിപ്പെടുകയാണ്. ബി.ജെ.പിയുടെ മുദ്രാവാക്യത്തില്‍ ഉള്ളത് കോണ്‍ഗ്രസ് മുക്ത് ഭാരത് എന്നാണ്.

ഇപ്പോള്‍ ധാരാളം സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഒരു സമയം കൂടിയാണ്. അപ്പോള്‍ എന്ത് വില കൊടുത്തും കോണ്‍ഗ്രസ് എന്നൊരു പ്രസ്ഥാനം നിലനിര്‍ത്തുക എന്നത് മതേതര പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം മൗലികമായ ഒരു ആവശ്യമാണ്.

അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മനസിലാക്കണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ ഇല്ലാതാക്കി കഴിഞ്ഞാല്‍ കാലാകാലം ഇവിടെ വാഴാമെന്ന തിയറി ഇനി നടക്കാന്‍ പോകുന്നതല്ല. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഷിഫ്റ്റ് ബി.ജെ.പിയിലേക്ക് വരാന്‍ സാധ്യതയുണ്ട്. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Leaders must end Group plays says mk muneer

We use cookies to give you the best possible experience. Learn more