| Friday, 5th August 2022, 9:03 pm

തെലങ്കാനയിലും കോണ്‍ഗ്രസ് നേതാക്കള്‍ കൂടുമാറ്റത്തിന്; കാരണം പാര്‍ട്ടി പ്രവര്‍ത്തനത്തിലുള്ള അതൃപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. എം.എല്‍.എയായ കോമട്ടി റെഡ്ഡി രാജഗോപാല റെഡ്ഡി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതാണ് പുതിയ പിരിമുറുക്കത്തിന് പിന്നില്‍. ഇതിന് പിന്നാലെ മുതിര്‍ന്ന നേതാവായ ദസോജു ശ്രാവണും പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്നായിരുന്നു ദസോജുവിന്റെ പ്രഖ്യാപനം. തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി രേവന്ത് റെഡ്ഡി നേതൃത്വമേറ്റതോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായെന്നും അദ്ദേഹം ആരോപിച്ചു.

ഒരടിമയെ പോലെ ജീവിക്കാന്‍ തനിക്ക് സാധിക്കില്ല. അത് കൊണ്ട് രാജിവെക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍കയ്യെടുത്തതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കോണ്‍ഗ്രസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ സോണിയ ഗാന്ധി മുന്‍കയ്യെടുത്ത നടപടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസിലെത്തിയത്. പക്ഷേ രേവന്ത് റെഡ്ഡി സംസ്ഥാന അധ്യക്ഷനായ ശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. പണത്തിന്റെയും ജാതിയുടേയും പേരില്‍ നേതാക്കളെ വേര്‍തതതിരിക്കുകയാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുന്നോട്ടു വെക്കുന്ന എല്ലാ തത്വങ്ങള്‍ക്കും എതിരാണ് രേവന്ത് റെഡ്ഡിയുടെ പ്രവര്‍ത്തനം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. നരേഷ് റാവല്‍, രാജു പര്‍മാര്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുയര്‍ത്തിയത്.

തനിക്ക് പാര്‍ട്ടിയുമായി നിരവധി പരാതികളുണ്ടെന്നും പാര്‍ട്ടിയോട് ‘ജയ് ഹിന്ദ്’ പറയാന്‍ തീരുമാനിച്ചെന്നും മുന്‍ ആഭ്യന്തര സഹമന്ത്രിയും മെഹ്‌സാന ജില്ലയിലെ വിജാപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് എം.എല്‍.എയുമായ നരേഷ് റാവല്‍ പ്രതികരിച്ചു.
ബി.ജെ.പിയില്‍ ചേരുകയാണെന്ന കാര്യവും അദ്ദേഹം തന്നെയായിരുന്നു വ്യക്തമാക്കിയത്.

അതേസമയം പാര്‍ട്ടിയോട് പരാതികളില്ലെന്നും പാര്‍ട്ടി യുവതലമുറക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നുമായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ രാജു പര്‍മാറിന്റെ പ്രതികരണം.

‘ഞാന്‍ കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസുമായി പ്രവര്‍ത്തിക്കുകയാണ്. എനിക്ക് പാര്‍ട്ടിക്കെതിരെ ഒരു പരാതിയും ഇല്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍, പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങി. ഞാന്‍ ഒരിക്കലും പാര്‍ട്ടിയില്‍ നിന്ന് സ്ഥാനങ്ങളോ ആനുകൂല്യങ്ങളോ ആവശ്യപ്പെട്ടില്ല,’ രാജു പര്‍മാര്‍ പറഞ്ഞു. കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Content Highlight: Congress leaders moving out of party, says report

We use cookies to give you the best possible experience. Learn more