മുംബൈ: സോണിയ ഗാന്ധിയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ റിപ്പബ്ലിക് ടി.വിയ്ക്കും ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരായ നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. അര്‍ണബ്, തന്റെ ചാനല്‍ വഴി തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിക്കുകയാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ ഹരജിയില്‍ നല്‍കി.
നിയമസഭാ കൗണ്‍സില്‍ അംഗം ഭായ് ജഗ്താപും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിംഗ് ഠാക്കൂറുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റിപ്പബ്ലിക് ടി.വിയുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. പാല്‍ഘാര്‍ സംഭവത്തില്‍ ന്യൂനപക്ഷങ്ങളാണ് ആക്രമണം നടത്തിയതെന്ന തരത്തില്‍ ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
അര്‍ണബ് രാജ്യത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കാനും വിദ്വേഷം പരത്താനും ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നേരത്തെ അര്‍ണബിനെതിരെ കേസുകളില്‍ തുടര്‍നടപടികള്‍ സുപ്രീംകോടതി നീട്ടിവെച്ചിരുന്നു. കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്. അര്‍ണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.
സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: