| Monday, 26th August 2019, 7:50 pm

ശേഷിക്കുന്ന കോണ്‍ഗ്രസുകാരെ കൂടി അമിത് ഷായുടെ ആലയിലെത്തിക്കുന്ന തന്ത്രം

കെ.ടി. കുഞ്ഞിക്കണ്ണന്‍

കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാറിനോട് എന്ത് നിലപാടെടുക്കണമെന്ന സന്ദിഗ്ധതയിലാണ്. മോദിയെ എത്രത്തോളം അളവില്‍ വിമര്‍ശിക്കാമൊന്നൊക്കെയുള്ള തരൂരിന്റെയും ജയറാം രമേശിന്റയും ആലോചനകള്‍ ഫാസിസ്റ്റ് ഭീഷണിയെ ഉപരിപ്ലവമായി കാണുന്നതില്‍ നിന്നും വരുന്നതാണ്.

ഹിന്ദുത്വ വര്‍ഗീയതയോടും കോര്‍പ്പറേറ്റ് മൂലധനശക്തികളോടുമുള്ള നിലപാടില്ലായ്മയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണം. ബി.ജെ.പിയില്‍ ചേക്കേറുന്നവരും മോദി സ്തുതിയിലേക്ക് വഴുതി വീഴുന്നവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി മാറികൊണ്ടിരിക്കുകയാണല്ലോ.

കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ഹിംസക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളാകെ ഒന്നിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. അതില്‍ പ്രധാന പങ്ക് വഹിക്കേണ്ട കോണ്‍ഗ്രസിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.? കോണ്‍ഗ്രസ് നേതാക്കള്‍ ഗൗരവഹമായി ആലോചിക്കുന്നുണ്ടോ? ഇല്ലെന്നാണ് അവരുടെ പ്രസ്താവനകള്‍ കാണിക്കുന്നത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ ബി.ജെ.പി ഇന്ന് തീവ്രഗതിയില്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ തുടങ്ങി വെച്ചത് കോണ്‍ഗ്രസാണ്. ബി.ജെ.പി യെ പോലെ കോണ്‍ഗ്രസൊരു വര്‍ഗീയ പാര്‍ട്ടിയല്ലായെന്ന കാര്യം പരിഗണിച്ചു കൊണ്ടു തന്നെ പറയട്ടെ ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയത വളര്‍ന്നുവന്നത് നവ ലിബറല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ചുവട് പിടിച്ചാണ്. നരസിംഹറാവു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്നതാണ് സമകാലീന ചരിത്രം.

നെഹറുവിന്റെ കമാന്റ്‌സോഷ്യലിസത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടില്‍ നിന്നും കമ്പോള വാദത്തിലേക്കും വര്‍ഗീയ പ്രീണന നയങ്ങളിലേക്കുമവര്‍ വഴി മാറി നടന്നു. പൊതു മേഖലയെ തകര്‍ക്കുകയും പൊതുമണ്ഡലത്തെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി വര്‍ഗിയ വല്‍ക്കരിക്കുകയും ചെയ്തു.

ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്തതും ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതുമടക്കമുള്ള അപരാധ പൂര്‍ണമായ നടപടികള്‍ സംഘികള്‍ക്ക് വളം വെച്ചു. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ വിപി സിംഗ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസുകാര്‍ സാമൂഹ്യനീതിയുടെയും സംവരണ അവകാശങ്ങളുടെയും എക്കാലത്തെയും എതിരാളികളായിരുന്ന ബി.ജെ.പിയുമായി ചേര്‍ന്ന് പാര്‍ലമെന്റില്‍ കൈ പൊക്കി. ഇങ്ങനെയൊക്കെ ചരിത്രപരമായി സംഭവിച്ച തെറ്റുകള്‍ കോണ്‍ഗ്രസിന് തിരുത്താന്‍ കഴിയണം.

ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കാനുള്ള പ്രത്യയശാസ്ത്ര രാഷ്ട്രീയ സമീപനമാണവര്‍ രൂപപ്പെടുത്തേണ്ടത്. അത് ശ്രമകരവും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണ്. അതിനുള്ള രാഷ്ട്രീയ ധീരതയാണ് രാജ്യവും ജനാധിപത്യ ശക്തികളും കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അല്ലാതെയുള്ള തരൂരും ജയറാം രമേശുമെല്ലാം പറയുന്ന അടവുനയം അവശിഷ്ട കോണ്‍ഗ്രസുകാരെയും അമിത് ഷായുടെ ആലയിലെത്തിക്കും.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more