| Thursday, 21st December 2023, 8:53 am

അദ്വാനിയെ തഴഞ്ഞ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യദല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞ രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രതിഷ്ഠ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്. ജനുവരി 22ലെ പ്രതിഷ്ഠ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്കാണ് ക്ഷേത്രം ട്രസ്റ്റ് ക്ഷണക്കത്തയച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങിനും എച്ച്.ഡി.ദേവഗൗഡക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ ഇവരൊക്കെയും ചടങ്ങില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.

രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി രഥയാത്ര നടത്തിയും മറ്റും രാജ്യത്ത് വലിയ ലഹളകള്‍ക്ക് നേതൃത്വം നല്‍കിയ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ചടങ്ങില്‍ നിന്ന് തഴഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രായം കണക്കിലെടുത്താണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ് ക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന ഒദ്യോഗിക വിശദീകരണമെങ്കിലും 90 വയസ്സുള്ള ദേവഗൗഡയെ ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദേവഗൗഡയെ ക്ഷണിച്ചതിലൂടെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തഴഞ്ഞതിന് ട്രസ്റ്റ് പറഞ്ഞ കാരണത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

ചടങ്ങില്‍ മോദി, അമിത് ഷാ തുടങ്ങിയ ഇപ്പോഴത്തെ ബി.ജെ.പി നേതാക്കളേക്കാള്‍ പ്രധാന്യം അഡ്വാനിയുള്‍പ്പടെയുള്ളവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താലാണ് രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ അഡ്വാനിയുള്‍പ്പടെയുള്ളവരെ തഴഞ്ഞത് എന്നാണ് ബി.ജെ.പിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം.

content highlights: Congress leaders invited to Ramkshetra consecration ceremony where Advani was buried

We use cookies to give you the best possible experience. Learn more