| Sunday, 18th September 2022, 2:48 pm

'അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും'; രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് 'നിര്‍ബന്ധിച്ച്' കൂടുതല്‍ സംസ്ഥാനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ പ്രമേയം പാസാക്കി രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസ് യോഗത്തില്‍ പാസാക്കിയതായി അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കണമെന്ന് ഗഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായില്ലെങ്കില്‍ അത് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്ക് നിരാശയായിരിക്കുമെന്നും ഗഹ്‌ലോട്ട് നേരത്തെ പറഞ്ഞിരുന്നു.

അധ്യക്ഷനാകാനില്ല എന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ ആവശ്യപ്പെട്ടു. പ്രമേയം പാസാക്കിയെന്ന് രാജസ്ഥാന്‍ മന്ത്രി പി.എസ്. ഖചാരിയാവാസും സ്ഥിരീകരിച്ചു. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ പ്രമേയം പാസാക്കുമെന്നാണ് റിപ്പോര്‍ട്ട്.

പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം നേരത്തെ പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചല്‍ പ്രദേശും അടുത്തിടെയാണ് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയത്. ഇതിനിടെ അധ്യക്ഷനാകാനില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷന്‍ വരട്ടെ എന്നണ് രാഹുല്‍ പറയുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞിരുന്നത്. പിന്നീട് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്റ്റംബര്‍ 24നാണ് ആരംഭിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമേ ഉള്ളൂവെങ്കില്‍ അയാളെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കും.

എല്ലാ പി.സി.സികളും അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയശേഷം 22ന് തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കുന്നതോടെ വോട്ടര്‍പട്ടിക വേണ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കും. മത്സരമുണ്ടെങ്കില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 17നുണ്ടാകും. നാമനിര്‍ദേശ പത്രിക ഈ മാസം 24 മുതല്‍ 30 വരെ നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ എട്ടിനാണ്.

എട്ട് മുതല്‍ 16 വരെയാണ് പ്രചാരണസമയം. വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ 17ന് രാവിലെ 10നും വൈകീട്ട് നാലിനുമിടയില്‍ എല്ലാ പി.സി.സി ആസ്ഥാനങ്ങളിലും എ.ഐ.സി.സിയിലും വോട്ടുചെയ്യാന്‍ ക്രമീകരണമൊരുക്കും. 19ന് വോട്ടെണ്ണി ഫലം അന്നുതന്നെ പ്രഖ്യാപിക്കും.

CONTENT HIGHLIGHTS:  Congress leaders in Rajasthan and Chhattisgarh passed a resolution to make Rahul Gandhi the Congress president

Latest Stories

We use cookies to give you the best possible experience. Learn more