| Monday, 2nd December 2024, 5:22 pm

പണം വാങ്ങി വിറ്റ ഭൂമിയെങ്ങനെ വഖഫാകുമെന്ന് വി.ഡി. സതീശന്‍; കോണ്‍ഗ്രസ് നേതാക്കള്‍ മുനമ്പത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുനമ്പം സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുനമ്പം സമരവേദിയിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഉമ തോമസ് എം.എല്‍.എ, കോണ്‍ഗ്രസ് എറണാകുളം ഡി.സി.സി പ്രസിഡന്റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് എന്നിവരുള്‍പ്പെട്ട സംഘമാണ് മുനമ്പത്ത് എത്തിയത്.

പ്രത്യേക ഘട്ടത്തിലാണ് മുനമ്പം വിഷയം ഒരു സമരമായി മാറിയതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അതിനുമുമ്പ്, സ്ഥലം എം.എല്‍.എ മറ്റു നടപടികള്‍ സ്വീകരിച്ച് പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന് പറഞ്ഞിരുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ സംഭവം ഇന്നത്തെ നിലയിലേക്ക് എത്തിയതോടെ മുതിര്‍ന്ന അഭിഭാഷകരെ വിളിച്ചുവരുത്തി വിഷയത്തെ ഗൗരവതരമായി തങ്ങള്‍ പഠിക്കുകയാണ് ആദ്യം ചെയ്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തുടര്‍ന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റായ ഷിയാസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇവിടെ ആദ്യം എത്തിയത്. അപ്പോള്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന രീതിയിലുള്ള സമരത്തിലേക്ക് നിങ്ങള്‍ ആരും എത്തിയിട്ടില്ല. പിന്നാലെ നടത്തിയ പൊതുയോഗത്തില്‍ മുനമ്പത്തുള്ളവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയാണ് ഉണ്ടായതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അന്നത്തെ പൊതുയോഗത്തില്‍ താന്‍ ഒരു വാക്ക് നല്‍കിയിരുന്നു. തന്റെ മണ്ഡലം കൂടിയായ പറവൂരില്‍ നിന്ന് ആരും തന്നെ വന്ന് ഇവിടെയുള്ളവരെ കുടിയിറക്കില്ലെന്ന്. അതിനുള്ള ധൈര്യം അവിടെ ആര്‍ക്കുമില്ലെന്നും. എന്നാല്‍ പിന്നീട് വിഷയം മറ്റൊരു രീതിയിലേക്ക് മാറുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഈ വിഷയം എളുപ്പത്തില്‍ പരിഹരിക്കാനുള്ള മാര്‍ഗമാണ് തങ്ങള്‍ അവലംബിച്ചതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വഖഫ് ബോര്‍ഡാണ് മുനമ്പത്തേത് ഭൂമിയാണെന്ന് പറയുന്നത്. ഈ ബോര്‍ഡിനെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വര്‍ഷങ്ങളായി ആളുകള്‍ താമസിക്കുന്ന ഭൂമിയാണ് മുനമ്പത്തേത്. ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫായി നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ ഭൂമി വഖഫല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വഖഫായി നല്‍കുന്ന ഭൂമിയ്ക്ക് മേല്‍ നിബന്ധനകള്‍ വെക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഫാറൂഖ് കോളേജും സ്ഥാപനത്തിന് ഭൂമി നല്‍കിയ വ്യക്തിയും തമ്മിലുള്ള കരാറില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഈ ഭൂമി തിരിച്ചുനല്‍കണമെന്ന് പറയുന്നുണ്ട്. വഖഫായി പ്രഖ്യാപിക്കുന്ന ഭൂമി എപ്പോഴും വഖഫാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഉദാഹരണത്തിന്, വഴിപാട് നേര്‍ന്നുകൊണ്ട് ഒരാള്‍ മെഴുകുതിരി കത്തിക്കുന്നു. എന്തെങ്കിലും നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടായിരിക്കും തിരി കത്തിക്കുക. എന്നാല്‍ ആവശ്യം നടന്നില്ലെങ്കില്‍ ഈ തിരി താന്‍ വന്ന് ഊതികെടുത്തുമെന്ന് പറയാന്‍ കഴിയുമോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഇതിന് സമാനമാണ് വഖഫ്. വഖഫ് നല്‍കിയിട്ട് പിന്നെ അതിന്റെ മീതെ നിബന്ധനകള്‍ വെക്കാന്‍ പാടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പണം വാങ്ങിച്ച് ഫാറൂഖ് കോളേജ് വിറ്റ ഭൂമി എങ്ങനെയാണ് വഖഫ് ആകുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഈ ഭൂമിയില്‍ ഒരുപാടു ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ട്. ഒട്ടനവധി രജിസ്റ്റേര്‍ഡ് രേഖകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: congress leaders in munambam includes v.d. satheesan

We use cookies to give you the best possible experience. Learn more