ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍; 'കോണ്‍ഗ്രസിനെ പോലെ നേതൃസമ്പന്നമായ മറ്റൊരു പാര്‍ട്ടിയില്ല'
Kerala News
ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍; 'കോണ്‍ഗ്രസിനെ പോലെ നേതൃസമ്പന്നമായ മറ്റൊരു പാര്‍ട്ടിയില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 1:41 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നെന്ന ശശി തരൂര്‍ എം.പിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ പാര്‍ട്ടിക്ക് ഉടന്‍ അധ്യക്ഷന്‍ വേണമെന്ന നിലപാടിനോട് യോചിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

തരൂരിന്റെ പ്രസ്താവനയില്‍ ആദ്യം വിയോജിപ്പ് അറിയിച്ചത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലെങ്കിലും രാഹുല്‍ഗാന്ധി ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നാണ് കെ.സി വേണുഗോപാല്‍ പറയുന്നു.

കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരിനെ തള്ളി. തരൂര്‍ അങ്ങനെ ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചരിത്രം പഠിക്കണമെന്നും മുല്ലപ്പള്ളി ആശ്യപ്പെട്ടു.


കോണ്‍ഗ്രസിനെ പോലെ നേതൃസമ്പന്നമായ മറ്റൊരു പാര്‍ട്ടിയില്ലെന്നും ഏത് പാര്‍ട്ടിക്കാന്‍ നാഥന്‍ ഉള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ശശി തരൂരിന്റെ നിലപാട് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്നും പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ശശിതരൂര്‍ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതുന്നു, എന്നാല്‍ തീരുമാനം ഗാന്ധി കുടുംബത്തിന്റേതായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.