| Sunday, 17th November 2024, 10:31 pm

ആര്‍.എസ്.എസിനെ പറയുമ്പോള്‍ കോണ്‍ഗ്രസിന് അസ്വസ്ഥതയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാബരി മസ്ജിദിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അസ്വസ്ഥനാവുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കെന്ന് വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

ബാബരി മസ്ജിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മറുപടി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ ആര്‍.എസ്.എസുകാര്‍ തകര്‍ത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോയെന്ന് ചോദിച്ച മന്ത്രി, താന്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്നും, ബി.ജെ.പിയിലേക്ക് പോകില്ല എന്ന് പറയാനാകില്ലെന്നും മുമ്പ് അഭിപ്രായപ്പെട്ടയാളാണ് കെ.പി.സി.സി പ്രസിഡന്റെന്നും പറഞ്ഞു.

ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്‍പില്‍ വിളക്ക് കത്തിച്ച ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്? ഇന്ത്യന്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും ധനമന്ത്രി ചോദിച്ചു.

Content Highlight: Congress leaders got irritated by mentioning Babri masjid Says minister Balagopal

We use cookies to give you the best possible experience. Learn more