കൊച്ചി: മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭയിലെ നിലവിലെ സാഹചര്യം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ വികാരം കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. മേയറെ മാറ്റേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് നിലപാടെടുത്തിരുന്നു.
കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടരുമെന്നും ബലാല്‍സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പ്രത്യേകിച്ച് എന്ത് ചെയ്‌തെന്ന് അറിയില്ല. അത് ഏറെക്കുറെ ഫോട്ടോ എടുക്കല്‍ ചടങ്ങായിരുന്നുവെന്നും സൗമിനി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ എം.പി. നടത്തിയ വിമര്‍ശനത്തിനും മേയര്‍ മറുപടി പറഞ്ഞു. ഹൈബി ഉള്‍പ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടെന്ന് അറിയില്ലെന്നും നേട്ടം മാത്രം സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അവര്‍ പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. രാജിവയ്ക്കില്ലെന്നും മേയര്‍ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂട്ടുത്തരവാദിത്തം നിറവേറ്റിയോ എന്ന് വിമര്‍ച്ചവര്‍ പരിശോധിക്കണമെന്നും സൗമിനി പറഞ്ഞു.