പ്രചരണത്തിന് നേതാക്കള്‍ പങ്കെടുക്കുന്നില്ല: ശശി തരൂര്‍ എ.ഐ.സി.സിയ്ക്ക് പരാതി നല്‍കി
D' Election 2019
പ്രചരണത്തിന് നേതാക്കള്‍ പങ്കെടുക്കുന്നില്ല: ശശി തരൂര്‍ എ.ഐ.സി.സിയ്ക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 11:35 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പല സ്ഥലങ്ങളിലും നേതാക്കള്‍ സജീവമായി പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ എ.ഐ.സി.സിയ്ക്ക് പരാതി നല്‍കി. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനാണ് പരാതി നല്‍കിയത്.

തിരുവനന്തപുരത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ രംഗത്തെത്തി.

ശശി തരൂര്‍ തോറ്റാല്‍ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ക്ക് കെ.പി.സി.സിയുടെ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലയിടങ്ങളിലും സ്‌ക്വാഡുകള്‍ ഇതുവരെ എത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂര്‍ത്തിയായില്ല, വാഹനപര്യടനത്തില്‍ ഏകോപനമില്ല തുടങ്ങി പരാതികളാണ് കെ.പി.സി.സിയ്ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നത്.

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹകരണമില്ലെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

‘എന്റെ ഇലക്ഷന് പാര്‍ട്ടി ചുമതല മണക്കാട് മണ്ഡലമാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാക്കള്‍ക്ക് എതിരെ ഞാന്‍ പരാതി കൊടുക്കും’ എന്നാണ് സതീശന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.