| Tuesday, 14th June 2022, 11:42 am

ദല്‍ഹിയില്‍ സംഘര്‍ഷം: ജെബി മേത്തറടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എം.പി ജെബി മേത്തറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിര്‍ന്ന നേതാക്കളെയടക്കം പ്രതിഷേധിച്ചവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റുന്നത്.

ഒരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് ജെബി മേത്തര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായ ഐക്യദാര്‍ഢ്യത്തിനാണ് എത്തിയതെന്നും പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും ജെബി മേത്തര്‍ പറഞ്ഞു.

‘വലിച്ചിഴച്ച് ക്രൂരമായാണ് എം.പിമാരെ പോലും പൊലീസ് കൈകാര്യം ചെയ്തത്. യുദ്ധ സമാന സാഹചര്യമുണ്ടാക്കാന്‍ എന്താണ് നടന്നതെന്ന് വ്യക്തമല്ല. സത്യാഗ്രഹം എന്ന സമാധാനപരമായ രീതിയിലൂടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. ഇതിന് വലിയ വില കൊടുക്കേണ്ടി വരും,’ ജെബി മേത്തര്‍ പറഞ്ഞു.

മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദല്‍ഹി പൊലീസും, സി.ആര്‍.പി.എഫും അടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

content highlight: Congress leaders arrested for protesting against ed summoning Rahul Gandhi

We use cookies to give you the best possible experience. Learn more