| Monday, 8th March 2021, 7:59 am

'നേമത്ത് ബി.ജെ.പിയുമായി മുതിര്‍ന്ന നേതാക്കള്‍ വോട്ട് കച്ചവടം നടത്തുന്നു'; വിജയന്‍ തോമസിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളുണ്ടാകാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലാ നേതൃത്വത്തിലുള്ളവരുടെയടക്കം രാജി ഭീഷണി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. തിരുവനന്തപുരത്ത് നിന്നും രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് നടത്താനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം ആശങ്കയിലാണ്.

നേമത്ത് ബി.ജെ.പിയുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വോട്ട് കച്ചവടം നടത്തുന്നുവെന്നാണ് രാജിവെച്ച നേതാക്കള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്താന്‍ പോകുന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയന്‍ തോമസ് പുറത്തുവിടുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പാലക്കാട് ഐ.വി ഗോപിനാഥും തൃത്താലയില്‍ സി.വി ബാലചന്ദ്രനും പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുമെതിരെ പരസ്യമായി  രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിരുവനന്തപുരത്തും പൊട്ടിത്തെറികള്‍ ഉണ്ടായിരിക്കുന്നത്.

നേമം സീറ്റിലേക്ക് വിജയന്‍ തോമസിനെ ആദ്യം പരിഗണിച്ചിരുന്നു. പിന്നീട് ഒഴിവാക്കിയതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയന്‍ തോമസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കേരളത്തിലെ പാര്‍ട്ടിയില്‍ എതിര്‍പ്പുകളും രാജി ഭീഷണിയും ശക്തമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Congress leaders against Ramesh Chennithala and other leaders, reports Congress BJP vote trade

We use cookies to give you the best possible experience. Learn more