പെട്രോള്‍ വില 100 കടന്നു, ഇപ്പോള്‍ ഒന്നും മിണ്ടാനില്ലേ? അമിതാബ് ബച്ചനും, അനുപം ഖേറിനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ് നേതാവ്
national news
പെട്രോള്‍ വില 100 കടന്നു, ഇപ്പോള്‍ ഒന്നും മിണ്ടാനില്ലേ? അമിതാബ് ബച്ചനും, അനുപം ഖേറിനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 8:39 pm

മുംബൈ: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതികരിക്കാനില്ലേ എന്ന് അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്. ഇന്ധനവില 100 കടന്ന സാഹചര്യത്തിലാണ് മൂവര്‍ക്കും ജഗ്തപ് കത്തയച്ച് പ്രതിഷേധിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച ഇവര്‍ക്ക് ഇപ്പോഴൊന്നും പറയാനില്ലേ എന്നാണ് ജഗ്തപ് ചോദിച്ചത്.

‘ഉയര്‍ന്ന് വന്ന ഇന്ധന വിലയില്‍ മുമ്പ് ട്വീറ്റ് ചെയ്തവരാണ് ഇവര്‍. അതൊക്കെ നല്ലതാണ്. പക്ഷെ പെട്രോള്‍ വില നൂറും കടന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ മിണ്ടാതിരിക്കുന്നത്?,’ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജഗ്തപ് മറുപടി പറഞ്ഞു.

2012 ല്‍ അമിതാഭ് ബച്ചന്‍ ഇന്ധനവില വര്‍ധനയില്‍ ട്വീറ്റ് ചെയ്തു. അന്ന് 63 രൂപയായിരുന്നു പെട്രോള്‍ ലിറ്ററിന് വില. എന്നിട്ടെന്തുകൊണ്ടാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

കുതിച്ചുയരുന്ന ഇന്ധനവിലയ്‌ക്കെതിരെ മുംബൈ മെട്രോ മാളിന് പുറത്ത് ജഗ്തപിന്റെ നേതൃത്വത്തില്‍ മുംബൈ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി.

മുംബൈയില്‍ മെയ് 29നാണ് പെട്രോള്‍ വില 100 രൂപ കടന്നത്. മുംബൈയില്‍ ഡീസല്‍ ലിറ്ററിന് 92.69 രൂപയാണ് വര്‍ധിച്ച വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress leader writes letter to Amitabh Bachchan, Akshay Kumar, Anupam Kher on fuel price