| Wednesday, 19th October 2022, 12:19 pm

കെ.എം. ബഷീറിന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത നീതി എവിടെ? വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്തുകളിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യ പരിശോധന വൈകിച്ചത് കൊണ്ടാണ് ഇപ്പോള്‍ അയാള്‍ക്കെതിരെയുള്ള നരഹത്യ വകുപ്പ് ഒഴിവാക്കപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്ന് വി.ടി. ബല്‍റാം ആരോപിച്ചു.

കെ.എം. ബഷീറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്ത നീതി എവിടെയെന്നും വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.

തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്.

ഇനി മുതല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന വകുപ്പുകള്‍ മാത്രമേ കേസില്‍ ഉണ്ടാകുകയുള്ളൂ. 304 വകുപ്പ് പ്രകാരം വാഹന അപകട കേസില്‍ മാത്രമാണ് വിചാരണ നടക്കും. വഫ ഫിറോസിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും വിടുതല്‍ ഹരജികളിലാണ് തീരുമാനം.

അടുത്ത മാസം 20ന് കേസിലെ രണ്ട് പ്രതികളും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് വഫയുടെ വാദം.

കേസില്‍ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നാണ് ശ്രീറാമിന്റെ വാദം.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപത്ത് വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ.എം. ബഷീറിനെ ഇടിച്ച വാഹനം.

തുടര്‍ന്ന് 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlight: Congress Leader VT Balram’s Reaction on Court Verdict in KM Basheer Case

We use cookies to give you the best possible experience. Learn more