കോര്‍പറേഷന്‍ തീരുമാനം പ്രകടമായ അയിത്താചരണം: വി.ടി. ബല്‍റാം
Kerala News
കോര്‍പറേഷന്‍ തീരുമാനം പ്രകടമായ അയിത്താചരണം: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 8:50 pm
സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ പൊതു ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി അവര്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ടീമുകളുണ്ടാക്കാനുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണക്കാരുടെ തീരുമാനം പ്രകടമായ അയിത്താചരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

തിരുവനന്തപുരം നഗരസഭയിലെ സ്പോര്‍ട്സ് ടീമില്‍ ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക എന്ന തീരുമാനത്തിനെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ഇത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും, എസ്.സി, എസ്.ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് നിയമപ്രകാരം കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ബല്‍റാം പറഞ്ഞു.

ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നതെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മേയര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം വന്നിരുന്നു. ഒരു ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് അങ്ങനെ ഒരു വര്‍ഗീകരണം എന്നാണ് ഉയരുന്ന വിമര്‍ശനം. എസ്.സി, എസ.ടിക്ക് പ്രത്യേക ഫുട്ബോള്‍ ടീമിലൂടെ നഗരസഭ എന്താണ് ഉദ്ദേശിക്കുന്നതെന്നും, ‘നായന്‍മാരുടെയും മേനോന്‍മാരുടെയും തിയ്യന്‍മാരുടെയും പ്രത്യേക ടീം കൂടെ വേണ’മെന്നും ചിലര്‍ കമന്റിലൂടെ പ്രതികരിച്ചു.

എന്നാല്‍, സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി(ജനറല്‍). കളരി (എസ്.സി) എന്ന പ്രോജക്ട് ഹെഡില്‍ ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്ലറ്റിക്സ് എന്നീയിനങ്ങളില്‍ കായിക പരിശീലനം നടപ്പിലാക്കി വരുന്നു. നഗരത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതും കായിക അഭിരുചിയുള്ളതുമായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളെ ട്രയല്‍സ് നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജനറല്‍ ഫണ്ട് ഉപയോഗിച്ചും എസ്.സി ഫണ്ട് ഉപയോഗിച്ചും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ഇത്തരത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ജനറല്‍ /എസ്.സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആണ്‍കുട്ടികളില്‍ നിന്നും 25 പേരെയും പെണ്‍കുട്ടികളില്‍ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയമെന്നും ആര്യ പറഞ്ഞു.

Content Highlight: Congress Leader VT Balram’s facebook post against thiruvanthapuram corporation program and Mayor Arya Rajendran