'പ്രതിപക്ഷത്തെത്തിയപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയിലേയ്ക്ക് പാലമിടുകയാണ്'; മോദിയെ പുകഴ്ത്തിയ ശശി തരൂരിനും ജയറാം രമേഷിനുമെതിരെ വീരപ്പ മൊയ്‌ലി
national news
'പ്രതിപക്ഷത്തെത്തിയപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയിലേയ്ക്ക് പാലമിടുകയാണ്'; മോദിയെ പുകഴ്ത്തിയ ശശി തരൂരിനും ജയറാം രമേഷിനുമെതിരെ വീരപ്പ മൊയ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 7:01 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എം.പിക്കും ജയറാം രമേഷിനുമെതിരെ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് വീരപ്പ മൊയ്‌ലി നേതാക്കളെ വിമര്‍ശിച്ചത്.

ബി.ജെ.പിയോട് ഒത്തുതീര്‍പ്പ് ചെയ്യുന്നതാണ് നേതാക്കളുടെ പരാമര്‍ശമെന്ന് വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി. മോദിയെ പുകഴ്ത്തി സംസാരിക്കുന്നവര്‍ കോണ്‍ഗ്രസിനു ഗുണമല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മന്ത്രിമാരായി അധികാരം ആസ്വദിച്ചവരാണ് ഇവര്‍. പ്രതിപക്ഷത്തെത്തിയപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയിലേയ്ക്ക് പാലമിടുകയാണ് ഇവര്‍ ചെയ്യുന്നത്’- വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തെ നയമരവിപ്പിന് ഉത്തരവാദി ജയറാം രമേശാണെന്നും മൊയ്ലി കുറ്റപ്പെടുത്തി. ഭരണത്തില്‍ പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നതിന് ഉത്തരവാദിയും ജയറാം രമേശാണെന്നും മൊയ്ലി പറഞ്ഞു.

‘ശശി തരൂരിനെ പക്വതയുള്ള രാഷ്ട്രീയക്കാരനായി കണക്കാക്കിയിട്ടില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ എന്തെങ്കിലും പറയുന്നയാളാണ് തരൂര്‍. അതിനു ഗൗരവം കൊടുക്കേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങളെ കാണട്ടേയെന്നു മാത്രമേ പറയാനാവൂ.’- മൊയ്ലി പറഞ്ഞു.

‘ഇത്തരം ആളുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കേണ്ടതുണ്ട്. പോകേണ്ടവര്‍ നേരത്തെ തന്നെ പോവട്ടെ. പാര്‍ട്ടിക്കുള്ളില്‍നിന്ന് അതിനെ അട്ടിമറിക്കാന്‍ അവരെ അനുവദിക്കരുത്’- മൊയ്ലി വ്യക്തമാക്കി.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കോണ്‍ഗ്രസ് അടിയന്തരമായി ശ്രദ്ധ കൊടുക്കേണ്ടതെന്ന് വീരപ്പ മൊയ്ലി വ്യക്തമാകി. ഹൈക്കമാന്‍ഡ് അതിനു ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടില്ലെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചിരുന്നു. മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിച്ചെന്നും മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതാണെന്ന് പറയുകയാണ് ചെയ്തതെന്നും എന്നാല്‍ മാത്രമെ അദ്ദേഹത്തിന്റെ തെറ്റുകളെ വിമര്‍ശിക്കാനാവുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു തരൂര്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമാവുകയായിരുന്നു. ജയറാം രമേശിന് പിന്നാലെ അഭിഷേക് മനു സിംഗ്വിയും മോദിയെ അനുകൂല പ്രസ്താവന നടത്തിയിരുന്നു.

2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.