| Saturday, 1st October 2022, 5:04 pm

എല്ലാ വോട്ടും ഖാര്‍ഗെയ്ക്ക് വാങ്ങിച്ച് കൊടുക്കും; തരൂരിനെ തള്ളി വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വാങ്ങിച്ച് കൊടുക്കണമെന്നാണ് ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് ദേശീയ തലത്തില്‍ നടക്കുന്ന മത്സരമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന മത്സരമല്ല. ദേശീയ തലത്തില്‍ നമുക്ക് നിലപാടുണ്ടെന്നും ശശി തരൂരിനെ തള്ളിക്കൊണ്ട് സതീശന്‍ പറഞ്ഞു.

ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും എ.ഐ.സി.സിയിലുമൊക്കെ പ്രവര്‍ത്തിച്ചവരെ ആണ് പിന്തുണക്കേണ്ടത്. മുതിര്‍ന്ന നേതാക്കളെല്ലാം കൂടിയാലോചിച്ചിട്ടാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഖാര്‍ഗെ അനുഭവ സമ്പത്തുള്ള കോണ്‍ഗ്രസുകാരനാണെന്നും, മാത്രമല്ല ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു വ്യക്തി കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന അഭിമാനകരമായ മുഹൂര്‍ത്തത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.ഐ.എമ്മിലോ ബി.ജെ.പിയിലോ മത്സരം നടക്കാറുണ്ടോ? ആരെയെങ്കിലും എവിടെയെങ്കിലും വച്ച് തീരുമാനിക്കുകയാണ് അവരുടെ പതിവ്. യോഗ്യതയുള്ള ആര്‍ക്കും മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. അത് ജനാധിപത്യ പാര്‍ട്ടിയുടെ മാത്രം സവിശേഷതയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍ എം.പി രംഘത്തെത്തി. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ അവഗണന നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്റെ കാഴ്ച്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേര്‍ത്ത് പാര്‍ട്ടിക്ക് വിധേയനാകാനാകില്ല. ആന്റണി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. ഇതിനെ ഞാന്‍ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കള്‍ എന്നോടൊപ്പമുണ്ട്.

പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം വേണം. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ദല്‍ഹിയില്‍ നിന്നാണ്. സോണിയ ഗാന്ധിയുടെ ഒപ്പില്ലെങ്കില്‍ ഒരു ജില്ലാ അധ്യക്ഷനെ നമുക്ക് മാറ്റാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്റെ റോള്‍ എന്താണെന്നും ശശി തരൂര്‍ ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കുറച്ചുകൂടി ശക്തിയും അധികാരവും നല്‍കണമെന്ന് തരൂര്‍ ചൂണ്ടിക്കാണിച്ചു.

താന്‍ യഥാര്‍ത്ഥ നെഹ്‌റു ലോയലിസ്റ്റാണ്. വളരെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതില്‍ ലോയല്‍റ്റിയുടെ പ്രശ്‌നം എവിടെയാണ് വരുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress Leader VD Satheesan Extends His Support to mallikarjun Kharge for AICC President Election

We use cookies to give you the best possible experience. Learn more