തിരുവനന്തപുരം: ലോകമെമ്പാടും ഐ.എസ്.ഐ.എസിലേക്ക് പോയവരുടെ ആകെ എണ്ണം 40,000 ആണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 85ഓളം രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും ആളുകള്‍ പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ 2021ല്‍ അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി. ബല്‍റാമിന്റെ പ്രതികരണം. ആത്മാഭിമാനമുള്ള മലയാളികള്‍ ഒത്തൊരുമിച്ച് നിന്നാല്‍ നാടിനെതിരെയുള്ള എല്ലാ അജണ്ടകളും ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘32,000 കേരളീയ വനിതകള്‍ എന്നത് ഒറ്റയടിക്ക് 3 വനിതകള്‍ ആയിട്ടുണ്ട്.
അല്ല, ആക്കിയിട്ടുണ്ട് സംഘികള്‍.
ആക്കേണ്ടി വന്നിട്ടുണ്ട് സംഘികള്‍ക്ക്.
ആത്മാഭിമാനമുള്ള മലയാളികള്‍ ഒത്തൊരുമിച്ച് നിന്നാല്‍ നാടിനെതിരെയുള്ള, നാട്ടിലെ സൗഹാര്‍ദ്ദപരമായ സാമൂഹിക സഹവര്‍ത്തിത്തത്തിനെതിരെയുള്ള ഏത് സംഘി പ്രൊപ്പഗാണ്ടയ്ക്കും ഇതായിരിക്കും ഗതി. ഈ ഒത്തൊരുമയാണ് കേരളത്തിന്റെ യഥാര്‍ത്ഥ സ്റ്റോറി. ഇനി വേറെ ചില കണക്കുകള്‍ പറയാം:
കേരളത്തില്‍ നിന്നല്ല ലോകമെമ്പാടും നിന്ന് ഐ.എസ്.ഐഎസിലേക്ക് പോയ ആകെ ആളുകളുടേതായി അനുമാനിക്കുന്ന സംഖ്യ 40,000 ആണ്. 85ഓളം രാജ്യങ്ങളില്‍ നിന്നാണ് ഇത്രയും ആളുകള്‍ പോയിട്ടുള്ളത്. ഫ്രാന്‍സില്‍ നിന്നും റഷ്യയില്‍ നിന്നുമൊക്കെയാണ് ഇതില്‍ കൂടുതല്‍ പേരും. ഇന്ത്യയില്‍ ഐ.എസ് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ കേസുകള്‍ ഏതാണ്ട് 180 ആണ്. ഇന്ത്യന്‍ വംശജരായ 66 പേര്‍ ഐ.സിലുണ്ട് എന്നാണ് 2021ല്‍ അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരിക്കുന്നത്.
ഏതായാലും ഐ.സി.സിലെ ആകെ അംഗങ്ങളുടെ 0.5 ശതമാനം പോലും ആളുകള്‍ 142 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നല്ല, നമ്മള്‍ അഫ്ഗാനിസ്ഥാന്റെ അടുത്ത് കിടക്കുന്ന ഒരു രാജ്യമായിട്ടും!
എന്നാല്‍ ആര്‍ഷ ഭാരതത്തിലെ ഒരു പാവം ‘സാംസ്‌ക്കാരിക സംഘടന’യായ, സമാധാനത്തിന് നോബേല്‍ സമ്മാനത്തിന് വരെ അര്‍ഹതയുള്ള, ആര്‍.എസ്.എസിലേക്ക് പോയവരുടെ എണ്ണമായി ആ സംഘടന സ്വയം അവകാശപ്പെടുന്നത് 50 മുതല്‍ 60 ലക്ഷം വരെ എന്നാണ്.