|

'യെച്ചൂരിക്കെങ്കിലും അല്‍പം ജാള്യത തോന്നുമെന്ന് പ്രതീക്ഷിച്ചു, എവടെ'; ദേശാഭിമാനി പരിപാടിയില്‍ അടൂരിന്റെ സാന്നിധ്യത്തില്‍ ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങള്‍ക്കിടെ ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഈ പരിപാടിക്കെതിരെ വിമരശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ‘തീര്‍ച്ചയായും ചരിത്രമാകും ഈ ആഘോഷം’ എന്ന ക്യാപ്ഷനില്‍ ദേശാഭിമാനി പത്രത്തില്‍ വന്ന പരിപാടിയുടെ പരസ്യം പങ്കുവെച്ചായിരു ബല്‍റാമിന്റെ പ്രതികരണം.

‘തീര്‍ച്ചയായും ചരിത്രമാകും ഈ ആഘോഷം.
ചില സാന്നിധ്യങ്ങള്‍ കൊണ്ട്, ഇതുപോലൊരു കാലത്ത്
ഇങ്ങനെയുള്ള കെട്ടിയെഴുന്നെള്ളിക്കലുകള്‍ കൊണ്ട്,

80 വര്‍ഷങ്ങള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത ചരിത്രവഴികളെ തിരിച്ചറിയാന്‍ പോലും കഴിയാതെ, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിന്നിടത്ത് തന്നെ ഇപ്പോഴും മനസുകൊണ്ട് നിന്നുപോയവരെ ആഘോഷിക്കുന്നതുകൊണ്ട്. സീതാറാം യെച്ചൂരിക്കെങ്കിലും അല്‍പ്പം ജാള്യത തോന്നുമെന്ന് ചുമ്മാ പ്രതീക്ഷിച്ചു. എവടെ!,’ വി.ടി. ബല്‍റാം കുറിച്ചു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദേശാഭിമാനിയുടെ
സമാപന പരിപാടിയില്‍വെച്ചാണ് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ദേശാഭിമാനി പുരസ്‌കാരം അടൂര്‍ ഗോപാല കൃഷ്ണന് നല്‍കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റവാങ്ങുക. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം.

അതേസമയം, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും അടൂര്‍ ഗോപാലകൃഷണനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അടൂരിനെ പൂവിട്ട് പൂജിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ജാതിവാദിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനനെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: congress Leader V.T. Balram react on  honoring director Adoor Gopalakrishnan at the end of Desabhimani’s 80th anniversary celebrations

Latest Stories