| Friday, 14th January 2022, 2:52 pm

കെ റെയിലിന്റെ കടക്കെണി മറ്റെല്ലാ വികസന പദ്ധതികളെയും ഇല്ലാതാക്കും | വി.എം. സുധീരന്‍

വി.എം. സുധീരന്‍

കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പിഴുതെറിഞ്ഞിരുന്നു. കെ റെയില്‍ പദ്ധതിയെ ഒരുകാരണവശാലും മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വാദങ്ങളും ഓരോ ദിവസവും ഉയര്‍ന്നുവരുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന ഈ ഘട്ടത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ കെ റെയില്‍ വിഷയത്തിലെ തന്റെ നിലപാട് ഡൂള്‍ ന്യൂസുമായി പങ്കുവെക്കുകയാണ്.

സംസ്ഥാന ചരിത്രത്തില്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച പദ്ധതിയാണ് കെ റെയില്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏതൊരു വികസനപദ്ധതിയും നടത്തേണ്ടത് ജനഹിതം മാനിച്ചുകൊണ്ടാകണം. ജനങ്ങളെ അറിയിക്കുകയും ജനഹിതം അറിയുകയും വേണം.
നിര്‍ഭാഗ്യവശാല്‍ കെ റെയില്‍ സംബന്ധിച്ച് അനിവാര്യമായി ചെയ്യേണ്ട ഈ നടപടികളൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ല.

ഏറ്റവും പ്രധാനപ്പെട്ടതെന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ഈ പദ്ധതിയില്‍ ആദ്യം നടത്തേണ്ടത് അതിന്റെ പാരിസ്ഥിതിക പഠനമല്ലേ? ഇവിടെ പക്ഷെ തട്ടിക്കൂട്ടിയ നിലയിലാണ് പാരിസ്ഥിതിക പഠനം. ഈ അപാകതകളെ തുടര്‍ന്ന് പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ, ഗ്രീന്‍ ട്രൈബ്യൂണല്‍ പഠനം തടയുന്ന സാഹചര്യമുണ്ടായി. ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഇടപെടലിന് പിന്നാലെ, പഠനം നടത്തിയത് ഓദ്യോഗിക അംഗീകാരമില്ലാത്ത ഏജന്‍സിയാണെന്ന വിവരം പുറത്തുവന്നു. അതോടെ പാരിസ്ഥിതിക പഠനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞു.

ഇപ്പോള്‍ വീണ്ടും ഇതേ പഠനത്തിനും അവലോകനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുവാന്‍ ഇനിയും 14 മാസം എടുക്കുമെന്നാണ് മനസിലാകുന്നത്. അതായത് നിലവില്‍ പാരിസ്ഥിതിക പഠനം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പോലും കെ റെയില്‍ പദ്ധതിയിലില്ല.

ഇതേ നിലയില്‍ തന്നെയാണ് സാമൂഹിക ആഘാത പഠനവും. ഏതൊരു പദ്ധതിയുടെയും നെടുംതൂണാണ് സാമൂഹിക ആഘാത പഠനം. പക്ഷെ അത്തരത്തിലുള്ള ഒരു പഠനവും നടത്താതെയാണ് കെ റെയില്‍ മുന്നോട്ടുപോയത്. പിന്നീടാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നത്.

2013ലെ നിയമം അനുസരിച്ചാകണം പദ്ധതി മുന്നോട്ടുപോകേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോള്‍ സാമൂഹിക ആഘാത പഠനം ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഏജന്‍സിയുടെ യോഗ്യതയും കണ്ടറിയേണ്ടതാണ്. കൃത്യമായ പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനമോ, സാധ്യത പഠനങ്ങളോ നടത്താതെയുള്ള റിപ്പോര്‍ട്ടാണ് ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടായി റെയില്‍വേക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

പദ്ധതിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് പോലും മറുപടിയില്ല. ഈ മൂടിവെച്ച പല വിവരങ്ങളും ചോര്‍ന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷെ, പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടാല്‍ അത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദമുന്നയിക്കുകയാണ് സര്‍ക്കാരും സര്‍ക്കാര്‍ അനുകൂലികളും.

റെയില്‍വേക്ക് സമര്‍പ്പിച്ച ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? സര്‍ക്കാരിന് മറച്ചു വെക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഡി.പി.ആര്‍ തയ്യാറാക്കിയിരിക്കുന്നത് ശരിയായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല എന്നു പുറത്തുവന്നു കഴിഞ്ഞു.

പാരിസ്ഥിതിക ആഘാത പഠനം, സാധ്യത പഠനം, സാമൂഹിക ആഘാത പഠനം ഇവയെല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് കൊണ്ട്, പദ്ധതി ബാധ്യത പ്രദേശങ്ങളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മറ്റു പൊതുജനങ്ങള്‍ തുടങ്ങി എല്ലാവരുമായി ചര്‍ച്ചചെയ്ത് അതില്‍ നിന്നും ഉരിത്തിരിയുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡി.പി.ആര്‍ തയ്യാറാക്കേണ്ടിയിരുന്നത്. ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെയുള്ള കെ റെയില്‍ തുടക്കം മുതല്‍ പാളി പോയ ഒരു പദ്ധതിയാണെന്ന് ഉറപ്പിച്ചു പറയാം.

ഡി.പി.ആറിന്റെ കരട് രൂപം തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്തണമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, നിയമപ്രകാരം ആയിട്ടുള്ള ഓപ്പണ്‍ ഹിയറിങ്ങും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി ഇപ്പോള്‍ ഓപ്പണ്‍ ഹിയറിങ്ങ് നടത്തുമെന്ന് പറയുന്നുണ്ട്. പക്ഷെ അതും നേരത്തെ ചെയ്തതു പോലെ ഒരു തട്ടിക്കൂട്ട് സംവിധാനമായിരിക്കുമോയെന്ന ആശങ്ക വ്യാപകമായി ഉയരുന്നുണ്ട്.

ഈ പദ്ധതി സുതാര്യമായി മുമ്പോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്? എന്തൊക്കെയോ മറച്ചുവെക്കാനും, നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

എന്തുകൊണ്ടാണ് കെ റെയില്‍ പ്രോജക്ട് ബ്രോഡ്ഗേജ് ആകാതെ മുമ്പോട്ടു കൊണ്ട് പോയത്? ഇന്ത്യയില്‍ 96% ബ്രോഡ്ഗേജ് ആണ്. കേരളത്തിലാകട്ടെ 100% ബ്രോഡ്ഗേജ് ആണ്. അപ്പോള്‍ ബ്രോഡ്ഗേജ് സംവിധാനത്തെ കുറിച്ചാലോചിക്കാതെ എന്തുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കി മാറ്റി?

സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആകുമ്പോള്‍ ഇതിന്റെ ഉപയോഗം കേരളത്തിന് പുറത്ത് കിട്ടില്ല. യാത്രക്കാരുടെ വഴികൊട്ടിയടക്കുന്ന രീതിയാണ് ഉണ്ടാകുന്നത്. തന്നെയുമല്ല, കെ റെ യില്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയത്, സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കി മാറ്റിയത് ജപ്പാനില്‍ നിന്നും ലോണ്‍ ലഭിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് എന്നാണ്. അതുതന്നെ ഒരുപാട് ആപത്കരമായ കടങ്ങളിലേക്കാണ് നീങ്ങുന്നത്.

കെ റെയില്‍ നിര്‍ദിഷ്ട പാത

ജപ്പാനിലെ കാലഹരണപെട്ട സാങ്കേതിക വിദ്യയാണ് ഈ സംവിധാനം. അവിടെയവര്‍ക്ക് വേണ്ടാത്ത സാധനങ്ങള്‍ ഒക്കെ കേരളത്തിലേക്ക് തള്ളാനുള്ള അവസരമായിട്ടാണ് അവരിതിനെ മാറ്റുന്നത് എന്നൊരു ആക്ഷേപം വളരെ ശക്തമായി ഉയര്‍ന്നു വന്നിട്ടുമുണ്ട്.

നാടിനോട് താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍, ജനങ്ങളുടെ യാത്ര സൗകര്യം വര്‍ധിപ്പിക്കലിനായിരുന്നു ആത്മാര്‍ത്ഥമായ ആഗ്രഹമെങ്കില്‍ വേഗതയേറിയ യാത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നിരവധി സംവിധാനങ്ങളുണ്ടായിരുന്നല്ലോ.

7 ഹൈ സ്പീഡ് റെയില്‍ പദ്ധതികള്‍ രൂപീകരണ ഘട്ടത്തിലുണ്ട്. ഇതില്‍ ചെന്നൈ, ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം പാതയുടെ വേഗം നിശ്ചയിച്ചിരിക്കുന്നത് 300 കിലോമീറ്ററാണ്. ഡി.പി.ആറില്‍ തന്നെ ഈ വിവരമുണ്ട്. ഈ പദ്ധതിയില്‍ ഷൊര്‍ണ്ണൂര്‍, മംഗലാപുരം എന്നിവ കൂടി ചേര്‍ത്താല്‍ മതിയായിരുന്നില്ലേ. കേരളത്തിനൊരു സാമ്പത്തികബാധ്യതയുമുണ്ടാകാതെ വേഗതയേറിയ റെയില്‍ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നല്ലോ.

റെയില്‍വേ തന്നെ അവരുടെ പ്രോജക്ടായി  യാത്രസൗകര്യം ആവിഷ്‌കരിച്ച് മുന്നോട്ട് വരുമ്പോള്‍ അത് നടപ്പിലാക്കാനുള്ള സമ്മര്‍ദം ചെലുത്തി മുന്നോട്ട് പോകുന്നതിനു പകരം എന്തിനാണ് അധികം സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് ?

64,000 കോടി ചെലവ് വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്, നീതി ആയോഗിന്റെ കണക്കില്‍ ഇത് 125000 കോടി രൂപയാണ്. ഏത് പ്രോജക്ടിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ചെലവ് ചുരുക്കി കാണിക്കുമെന്നത് സര്‍ക്കാരിന്റെ രീതിയാണ്. പക്ഷെ, കേരളത്തിനെ സംബന്ധിച്ച് കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് കെ റെയില്‍ പദ്ധതി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്.

കേരളം ഇപ്പോള്‍ തന്നെ കടക്കെണിയിലാണെന്നത് മറന്നുകൂടാ. 2024 -25 ആകുമ്പോഴേക്കും 3.9 ലക്ഷം കോടി കേരളം കടമായി വാങ്ങുമെന്നാണ് കണക്കുകള്‍. ഇത്ര വലിയ കട ബാധ്യത നിലനില്‍ക്കേ, ഈ കെ റെയില്‍ എന്നുപറയുന്ന സംവിധാനത്തിന്റെ സാമ്പത്തികബാധ്യത കൂടി ഏറ്റെടുക്കുന്നതോടെ, സംസ്ഥാനത്ത് മറ്റൊരു വികസന പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യമാണുണ്ടാവുക. അതുകൊണ്ട് വളഞ്ഞു മൂക്ക് പിടിക്കുന്ന തെറ്റായ സമീപനം തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരങ്ങള്‍

ഭീമന്‍ കടക്കെണിയിലേക്ക് മാത്രമല്ല, പാരിസ്ഥിതികമായ വലിയ തകര്‍ച്ചയിലേക്ക് കൂടിയാണ് കെ റെയില്‍ നയിക്കുന്നതെന്ന് കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെയും, ആഗോള താപനത്തിന്റെയും കെടുതികള്‍ കേരളം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയവും ഉരുള്‍പൊട്ടലും തുടര്‍ക്കഥയായിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ നമ്മുടെ അവശേഷിക്കുന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് പരിസ്ഥിതിക്കുണ്ടാകുന്ന തകര്‍ച്ച എത്ര രൂക്ഷമായിരിക്കും എന്നതിനെ പറ്റി സര്‍ക്കാര്‍ കൃത്യമായ വിവരശേഖരണം നടത്തിയിട്ടുണ്ടോ? ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ടോ? പരിസ്ഥിതിയെ ഇത്തരത്തില്‍ തകര്‍ത്തുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകില്ല. സര്‍ക്കാര്‍ പുനപരിശോധന നടത്തണം. ഈ തീരുമാനം തെറ്റാണ്, തിരുത്തിയെ മതിയാകൂ, അതാണ് എന്റെ വിനീതമായ അപേക്ഷ.

തയ്യാറാക്കിയത് : ഷിജി എം.കെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Congress Leader V M Sudheeran about K Rail Silverline project

വി.എം. സുധീരന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍

We use cookies to give you the best possible experience. Learn more