'സമരവിരുദ്ധ പുണ്യാളന്‍, ചിരിപ്പിക്കരുത്.. പ്ലീസ്...'; മന്ത്രി പി. രാജീവിനെ ട്രോളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Kerala News
'സമരവിരുദ്ധ പുണ്യാളന്‍, ചിരിപ്പിക്കരുത്.. പ്ലീസ്...'; മന്ത്രി പി. രാജീവിനെ ട്രോളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 10:08 pm

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ലെന്ന മന്ത്രി പി. രാജീവിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നോക്കി നില്‍ക്കുന്നതിന് പോലും ‘നോട്ട് കൂലി’ വാങ്ങുന്നവരുടെ ഗീര്‍വാണമാണ് പി. രാജിവിന്റേതെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു.

‘സമര വിരുദ്ധ പുണ്യാളന്‍’, ചിരിപ്പിക്കരുതെന്നും തിരുവഞ്ചൂര്‍ മന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ കൈരളി ടി.വി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സി.പി.ഐ.എം, സി.ഐ.ടി.യു എന്നിവര്‍ കൊടിയുയര്‍ത്താത്ത, സമരം ചെയ്യാത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോയെന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നു.

തലശ്ശേരിയില്‍ വ്യവസായ സംരംഭം നടത്താന്‍ എത്തിയ ദമ്പതികള്‍ നാടുവിട്ട സംഭവത്തിലായിരുന്നു പി. രാജീവിന്റെ പ്രതികരണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ലെന്നും ഏത് പാര്‍ട്ടിയുടേതാണെങ്കിലും അത് ശരിയല്ലെന്നുമാണ് പി. രാജീവ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്.

തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതികള്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥര്‍ നടത്തിയ ന്യായീകരണം ശരിയല്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടി എടുത്തത്. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ തൊഴിലാളി യൂണിയനുകളുടെയും പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘സമരവിരുദ്ധ പുണ്യാളന്‍’
ചിരിപ്പിക്കരുത്, പ്ലീസ്…

കേരളത്തില്‍ കൈരളി ടി.വി, ദേശാഭിമാനി എന്നീ വ്യാവസായിക സംരംഭങ്ങളല്ലാതെ സി.പി.ഐ.എം, സി.ഐ.ടി.യു എന്നിവര്‍ കൊടിയുയര്‍ത്താത്ത, സമരം ചെയ്യാത്ത ഒരു വ്യവസായ സ്ഥാപനത്തിന്റെ പേര് പറയാമോ?

എല്ലാം പൂട്ടിപ്പോയില്ലേ? മറ്റുള്ളതെല്ലാം സംസ്ഥാനം വിട്ടില്ലേ? ഇനി ”സമര കൊടി” എവിടെ ഉയര്‍ത്താനാണ്?
ആരെ കബളിപ്പിക്കാനാണ് മന്ത്രീ ഇങ്ങനെ ഒരു പ്രഖ്യാപനം?

നോക്കി നില്‍ക്കുന്നതിന്, നോട്ട് കൂലി വാങ്ങുന്നവരുടെ ഗീര്‍വാണം.
എന്ത് പ്രഹസനമാണ് മന്ത്രീ…


Content Highlight: Congress Leader Thiruvanjoor Radhakrishnan mocks Minister P Rajeev