മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയമായി; മുന്‍ മന്ത്രി ടി.ബി ജയച്ചന്ദ്ര
national news
മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയമായി; മുന്‍ മന്ത്രി ടി.ബി ജയച്ചന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 10:36 pm

ബെംഗളൂരു: മോദിയെ കത്തിക്കാന്‍ സമയമായെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി.ബി. ജയച്ചന്ദ്ര. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് 50 ദിവസം തരൂ, അല്ലെങ്കില്‍ ജീവനോടെ കത്തിക്കു എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് മോദിയെ കത്തിക്കാന്‍ സമയമായെന്ന് ജയച്ചന്ദ്ര പറഞ്ഞിരിക്കുന്നത്.

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ജയച്ചന്ദ്രയുടെ വിവാദ പ്രസ്താവന. ജനാധിപത്യത്തില്‍ ഒരുതരിയെങ്കിലും വിശ്വാസമുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും ജയച്ചന്ദ്ര പറഞ്ഞു.


“നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസമാണ് ആവശ്യപ്പെട്ടത്. ആ പരീക്ഷണം വിജയിക്കാനായില്ല. എങ്കില്‍ തന്നെ ജീവനോടെ കത്തിക്കുവാനും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയമായി കഴിഞ്ഞു”- മാധ്യമങ്ങളോട് സംസാരിക്കവേ ജയച്ചന്ദ്ര പറഞ്ഞു.

ജയച്ചന്ദ്രയുടെ വാക്കുകള്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ജയച്ചന്ദ്രയുടെത് അതിരുകടന്ന പ്രസ്താവനയാണെന്ന് പറഞ്ഞ് ബി.ജെ.പി കര്‍ണാടക പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ ഉള്‍പ്പെടെ അനവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരായ മഹാസഖ്യത്തിന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ടി.ഡി.പി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമാണ് സ്റ്റാലിന്‍ മഹാസഖ്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്.


also read:  രണ്ടു യാത്രകള്‍


ബി.ജെ.പിക്ക് എതിരായ മഹാസഖ്യത്തിന് നേതൃത്വം കൊടുക്കാന്‍ നേതാവ് അല്ല, നേതാക്കള്‍ ആണ് വേണ്ടതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. ദേശീയ വിരുദ്ധവും മതേതര വിരുദ്ധവുമായ ബി.ജെ.പി ഭരണത്തെ താഴെയിറക്കാന്‍ ചന്ദ്രബാബു നായിഡുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.