തെലങ്കാന: ബി.ആര്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൈദരാബാദിലെ പുഞ്ചഗുട്ടയിലാണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളായ ഹനുമന്ദ റാവു, ഹര്‍ഷകുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമവാപുരത്ത് നിന്നുള്ള മുന്‍ എം.പിയാണ് ഹര്‍ഷകുമാര്‍.
നേരത്തെ ബി.ആര്‍ അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവവും ഹൈദരാബാദില്‍ തന്നെയായിരുന്നു നടന്നത്.
അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍ മാളിന് സമീപം പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ അംബേദ്ക്കറിന്റെ പ്രതിമയാണ് തകര്‍ത്തനിലയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയത്.
പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവര്‍ത്തകര്‍ മാളിന് സമീപം എത്തിയപ്പോള്‍ പ്രവര്‍ത്തകരെ പ്രതിമ സ്ഥാപിക്കുന്നതില്‍നിന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പ്രതിമ സ്ഥാപിക്കുന്നതിന് അനുവാദമില്ലെന്നു കാണിച്ചാണ് പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
അനുവാദം വാങ്ങിയിട്ടാണ് എത്തിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും പ്രതിമ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് കോഡ്ല വിജയ ഭാസ്‌ക്കര്‍ റെഡ്ഡി സ്റ്റേഡിയത്തിലേക്ക് ഉദ്യോഗസ്ഥര്‍ പ്രതിമ കയറ്റി അയച്ചെങ്കിലും തെലങ്കാന ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇ.വി.എം യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ സ്റ്റേഡിയത്തില്‍ പ്രതിമ സൂക്ഷിക്കാനാകില്ലായിരുന്നു. അവിടെനിന്ന് പ്രതിമ കോര്‍പ്പറേഷന്‍ യാര്‍ഡിലേക്കും തുടര്‍ന്ന് ജവഹര്‍ നഗറിലേക്കും മാറ്റി. മാലിന്യം ശേഖരിക്കുന്ന ട്രക്കിലാണ് പ്രതിമ കൊണ്ടുപോയത്. നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്ന പ്രധാന പ്രദേശമാണ് ജവഹര്‍ നഗര്‍.
നേരത്തെ ഹൈദരാബാദിലെ ഇന്ദിര പാര്‍ക്കിന് സമീപം സംഘടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ധര്‍ണ്ണയില്‍ മറ്റൊരു പാര്‍ട്ടി നേതാവുമായി ഹനുമന്ത് റാവു ഉടക്കിയത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ഇരു നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.