| Sunday, 14th March 2021, 11:50 am

ശരത് ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാ, ഈ ചോര കോണ്‍ഗ്രസിനുള്ളതാ, അവസാനത്തെയാള്‍ പോയാലും പാര്‍ട്ടിയില്‍ തുടരും; വികാരധീനനായി ശരത് ചന്ദ്ര പ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴക്കൂട്ടം: ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് ടി. ശരത് ചന്ദ്ര പ്രസാദ്. ആരൊക്കെ പോയാലും താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് വരെ പ്രസക്തിയില്ലെന്നും ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു. വികാരധീനനായിട്ടായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

സീറ്റിന്റെ കാര്യത്തില്‍ തീരുമാനകാത്തതിനെ തുടര്‍ന്ന് ശരത് ചന്ദ്ര പ്രസാദ് കോണ്‍ഗ്രസ് വിടുകയാണെന്നും കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്നും കഴിഞ്ഞ ദിവസം മുതല്‍ പ്രചരണങ്ങള്‍ വന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന മുതിര്‍ന്ന നേതാവായിരിക്കും കഴുക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയെന്ന് ചില ബി.ജെ.പി നേതാക്കള്‍ അറിയിച്ചതിന് പിന്നാലെ ശരത് ചന്ദ്ര പ്രസാദ് ബി.ജെ.പിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു.

എന്നാല്‍ തന്റെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നതിനായി നടത്തിയ വ്യാജപ്രചരണമാണിതെന്നാണ് ശരത് ചന്ദ്രപ്രസാദ് പ്രതികരിച്ചത്.

‘ എന്നോട് ഈ ചോദ്യം ചോദിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ത്യാഗങ്ങളും പൊളിറ്റിക്കല്‍ ട്രാക്കും അറിയാം. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ട് ഇതുവരെ ഇങ്ങനെയൊരു ചോദ്യം വന്നിട്ടില്ല. എന്റെ തന്നെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഇന്നലെ മുതല്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സാധനമാണിത്. അവന് ഇഷ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനായി ചെയ്തതാണ് ഇത്. അതിനുള്ള പ്രതിവിധി പിന്നെ ഉണ്ടാക്കും.

1978 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്ക് വേണ്ടി ചോര കൊടുത്ത എത്ര പേരാ കോണ്‍ഗ്രസിലുള്ളത്. എന്റെ വീട്ടിലെ വസ്തുതര്‍ക്കത്തിന് വേണ്ടിയല്ല മാര്‍ക്കിസ്റ്റുകാര്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചത്.

വാസ്തവത്തില്‍ ഈ ചോദ്യം ചോദിക്കുമ്പോഴും അതിന് മറുപടി പറയേണ്ടി വരുമ്പോഴും ആത്മരോഷം തോന്നുകയാണ്. എന്തൊരു നാണക്കേടാണിത്.

8 കൊല്ലമായി ഞാന്‍ കെ.പി.സി.സി ഭാരവാഹിയാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചത് ശരിയാണ്. 1991ല്‍ എം.എല്‍.എയായി. അതിന് ശേഷം സ്ഥാനാര്‍ത്ഥിയായി. പിന്നെ കഴിഞ്ഞ 20 കൊല്ലം ഞാന്‍ സ്ഥാനാര്‍ത്ഥിയായില്ലല്ലോ. കഴിഞ്ഞ കൊല്ലമല്ലേ ആയത്. എന്നിട്ടും ഞാന്‍ ഈ പാര്‍ട്ടിക്ക് വേണ്ടിയല്ലേ പ്രവര്‍ത്തിച്ചത്.

ഞാന്‍ ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്മാരെ കണ്ട് കോണ്‍ഗ്രസ് ആയതല്ല. ഞാന്‍ എന്റെ അച്ഛനമ്മമാരെ കണ്ട് കോണ്‍ഗ്രസിലേക്ക് വന്നതാണ്. മഹാത്മാ ഗാന്ധി എന്റെ വികാരമാണ്, ഇന്ദിര ഗാന്ധി എന്റെ പ്രചോദനമാണ്, കെ. കരുണാകരന്‍ എന്റെ രാഷ്ട്രീയഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തില്‍.

ഞാന്‍ കോണ്‍ഗ്രസല്ലെന്ന് പറയാന്‍ ഇന്ന് ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുമില്ല. ആരു പോയാലും അവസാനം വരെയും ശരത് ചന്ദ്ര പ്രസാദിന്റെ ചോര ജീവന്‍ തുടിക്കുന്ന കോണ്‍ഗ്രസാണ്. എന്റെ ശരീരത്തില്‍ വാരിക്കുന്തം കുത്തിയിറക്കിയപ്പോഴും ഞാന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സിന്ദാബാദ്, കെ.എസ്.യു സിന്ദാബാദ് എന്നാണ്. ഇപ്പോള്‍ ഇതൊക്കെ പറയുന്നവര്‍ക്ക് ദൈവം കൊടുക്കും. ശരത് ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാ, ഈ ചോര കോണ്‍ഗ്രസിനുള്ളതാ,’ ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Congress leader T Sarath Chandra Prasad responds emotionally to the questions of joining BJP

We use cookies to give you the best possible experience. Learn more