ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ്. ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് അന്നേ ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നല്‍കണമെന്നാണ് സുഷ്മിത ദേവ് ആവശ്യപ്പെട്ടത്.
2017 ജൂണ്‍ 4 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയെ ലൈംഗികാതിക്രമം ചെയ്തുവെന്നാരോപിച്ചായിരുന്നു കേസ്. ബി.ജെ.പി എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗറാണ് പെണ്‍കുട്ടിയെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയത്. കുറ്റംസമ്മതിച്ച കുല്‍ദീപ് സെന്‍ഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്ടപ്പെട്ടു. നേരത്തെ ഇദ്ദേഹത്തെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയിരുന്നു.
തന്റെ മോശം പ്രതിശ്ചായയെ മറികടക്കാന്‍ മോദി കണ്ടെത്തിയ ഉപരിപ്ലവവും ആത്മാര്‍ത്ഥയില്ലാത്തതുമായ നീക്കമാണ് മോദി നടത്തുന്നതെന്നും സുഷ്മിത ദേവ് പറഞ്ഞു.
നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ലെന്നാണ് പ്രിയങ്കയുടെ പ്രതികരണം.
ആരുടെയെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തത് കൊണ്ട് സ്ത്രീ ശാക്തീകരണം നടക്കില്ല. സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുന്ന അധികാരസ്ഥാപനങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും അവരെ തെരഞ്ഞെടുത്താന്‍ മാത്രമേ ശരിയായ ശാക്തീകരണം നടക്കൂ. വാര്‍പ്പുമാതൃകകള്‍, പുരുഷ മേധാവിത്വം, സ്ത്രീവിരുദ്ധത എന്നിവ അവസാനിപ്പിച്ചാണ് അവരുടെ യാത്ര വേഗത്തിലാക്കേണ്ടതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
പ്രധാനമന്ത്രി ഏതെങ്കിലും ഇന്ത്യന്‍ സ്ത്രീയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനസ്സിലാവും അവര്‍ സംസാരിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.