ന്യൂദല്‍ഹി: ദല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിന് പകരമുള്ള ദല്‍ഹി സര്‍വീസ് ബില്ലിനെ പിന്തുണക്കുന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സന്ദീപ് ദീക്ഷിത്. ബില്ലിനെ എതിര്‍ക്കുന്നത് തെറ്റാണെന്ന് അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു. രാജ്യസഭയില്‍ എന്തായാലും ബില്ല് പാസാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ലോക്‌സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളത് കൊണ്ട് തന്നെ ഈ ബില്ല് പാസാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ലോക്‌സഭയില്‍ ഉള്ളത് പോലൊരു ഭൂരിപക്ഷം രാജ്യസഭയില്‍ ഇല്ലെങ്കിലും മറ്റ് പാര്‍ട്ടികള്‍ ഈ ബില്ലിനെ പിന്തുണച്ചാല്‍ ബില്ല് പാസാകും. എന്റെ അഭിപ്രായത്തില്‍ സര്‍വീസ് ബില്ലിനെ എതിര്‍ക്കുന്നത് തെറ്റാണ്,’ അദ്ദേഹം പറഞ്ഞു.
ഏത് പാര്‍ട്ടിയെയും അക്രമിക്കുന്ന ആം ആദ്മി ഇത്തവണ കുരുക്കില്‍പ്പെട്ടിരിക്കുകയാണെന്നും ദീക്ഷിത് വിമര്‍ശിച്ചു.
‘ഏത് പാര്‍ട്ടിയെയും ആക്രമിക്കാന്‍ പോകുന്ന ആം ആദ്മി പാര്‍ട്ടി തന്നെ ഇത്തവണ കുരുക്കില്‍പ്പെട്ടിരിക്കുന്നു. അവരുടെ വലിയ നേതാക്കള്‍ ജയിലിലിനകത്തോ പുറത്തോ ആണെന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് അവരുടെ കാര്യത്തില്‍ നല്ല പേടിയുണ്ട്. ബില്ലിന്റെ കാര്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് അവരുടെ കൂടെ നില്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഇപ്പോള്‍ സഖ്യത്തിലെ മറ്റ് അംഗങ്ങളെയും രാജ്യത്തെയും വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിങ്കളാഴ്ച രാജ്യസഭയിലും ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓഗസ്റ്റ് മൂന്നിന് ലോക്‌സഭയിലെ വാക്കാലുള്ള വോട്ടില്‍ ബില്ല് പാസാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
എന്നാല്‍ രാജ്യസഭയില്‍ ബില്ലിനെ പിന്തുണക്കാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ തന്നെ ഓര്‍ഡിനന്‍സിന് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസും ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയിലെ എല്ലാ എം.പിമാരോടും ആഗസ്റ്റ് 7,8 തിയതികളില്‍ രാജ്യസഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് വരി വിപ്പാണ് എ.എ.പി അംഗങ്ങള്‍ക്ക് നല്‍കിയത്.
‘രാജ്യസഭയിലെ എല്ലാ ആം ആദ്മി അംഗങ്ങളോടും ആഗസ്റ്റ് 7,8 തീയ്യതികളില്‍ രാവിലെ 11 മണി മുതല്‍ സഭ നിര്‍ത്തിവെക്കുന്നത് വരെ രാജ്യസഭയില്‍ ഹാജരാകാനും പാര്‍ട്ടി നിലപാടിനെ പിന്തുണക്കാനും ആവശ്യപ്പെടുന്നു. ഇതിനെ ഗൗരവതരമായി കാണണം,’ വിപ്പില്‍ പറയുന്നു. ബില്ലില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാനായി രാജ്യസഭയിലെ തങ്ങളുടെ എം.പിമാരോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്.
ദല്‍ഹി ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും നിയമനവും നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ മെയ് 19നായിരുന്നു പുറത്തിറക്കിയത്. പൊലീസ്, ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിയന്ത്രണമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
content highlights: CONGRESS LEADER SUPPORT DELHI SERBVICE BILL