ന്യൂദല്‍ഹി: രാജ്യത്തെ ജനാധിപത്യത്തിന്റെ തൂണുകള്‍ തകര്‍ക്കുന്ന സമീപനങ്ങളാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നിശ്ചയദാര്‍ഢ്യമുള്ള പ്രതിപക്ഷത്തെ നേരിടാന്‍ ഇതുവരെ കാണാത്ത സമീപനങ്ങളാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
ദി ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും 95 ശതമാനത്തിലധികം രാഷ്ട്രീയ കേസുകളും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മാത്രമാണ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിയില്‍ ചേരുന്നവര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കിയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
‘തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമൂഹിക വിഭജനം, ബജറ്റ്, അദാനി കുംഭകോണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ സോണിയ ഗാന്ധി പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പും അക്രമവും അഴിച്ചുവിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത് അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.
പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ചിന്തകര്‍ എന്നിവര്‍ക്കൊക്കെ എതിരെ കേന്ദ്രം ദേശീയ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.