മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ മരണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന ആരോപണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും സത്യാവസ്ഥ അറിയാനുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. മുംബൈയിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡേത്തിവര്‍ ഉയര്‍ത്തിയ ആരോപണത്തിന് തരൂർ പിന്തുണ നല്‍കിയത്.
വിജയ് വഡേത്തിവാര്‍ ഉന്നയിച്ച ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണെന്ന് ശശി തരൂര്‍ പറഞ്ഞു. പാകിസ്ഥാന്‍ ഭീകരവാദിയായ അജ്മല്‍ കസബിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളല്ല കര്‍ക്കറെയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തതെന്നും അതൊരു പൊലീസ് ഉദ്യോഗസ്ഥന്റെ റിവോള്‍വറില്‍ നിന്നുള്ളതായിരുന്നുവെന്നും മുന്‍ ഐ.ജി എസ്.എം. മുഷ്രിഫ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതുപ്രകാരം ഈ ആരോപണത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. സത്യാവസ്ഥ അറിയാനുള്ള അവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്ളതിനാല്‍ വിജയ് വഡേത്തിവാറിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഹേമന്ത് കര്‍ക്കറെയുടെ മരണത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിജയ് നാംദേവ്‌റാവു വഡേത്തിവാര്‍ പറഞ്ഞത്. പരാമര്‍ശത്തിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിവാദത്തിലാവുകയും ചെയ്തിരുന്നു.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് എസ്.എം. മുഷ്രിഫ് എഴുതിയ പുസ്തകത്തില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് വിജയ് നാംദേവ്‌റാവു പറഞ്ഞിരുന്നു.
‘അത് എന്റെ വാക്കുകളല്ല. എസ്.എം. മുഷ്രിഫിന്റെ പുസ്തകത്തില്‍ എഴുതിയത് ഞാന്‍ പറഞ്ഞെന്നേയുള്ളൂ. പുസ്തകത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു. ഹേമന്ത് കര്‍ക്കറെയുടെ മരണത്തിന് കാരണമായത് അജ്മല്‍ കസബില്‍ നിന്നുള്ള ബുള്ളറ്റല്ലെന്ന് പറയുന്നുണ്ട്,’ വിജയ് നാംദേവ്‌റാവു ചൂണ്ടിക്കാട്ടിയിരുന്നു.
ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേളയില്‍ ആര്‍.എസ്.എസിനോട് കൂറുള്ള ഉദ്യോഗസ്ഥനാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് മറച്ചുവെച്ച വ്യക്തിയാണ് നോര്‍ത്ത് സെന്‍ട്രല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഉജ്വല്‍ നികമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlight: Congress leader Shashi Tharoor supports the allegation that a police officer with RSS links is behind Hemant Karkare’s death