ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ഗാന്ധി ജയന്തി ദിനത്തില്‍ ശശി തരൂര്‍ എം.പി സമൂഹ മാധ്യമത്തില്‍ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാകുന്നു. ‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും,’ എന്ന വാക്കുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂര്‍ പങ്കുവെച്ചിരിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മത്സരത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് തരൂരിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും തങ്ങള്‍ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞിരുന്നതായി ശശി തരൂര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരക സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അന്ന് അവര്‍ തന്നോട് പറഞ്ഞത് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നായിരുന്നു എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
1956 ഒക്ടോബര്‍ 14ന് ബി.ആര്‍. അംബേദ്കര്‍ തന്റെ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയില്‍ വെച്ചാണ് പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ പ്രചരണം തരൂര്‍ ആരംഭിച്ചത്.
ഇത് സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള തെരഞ്ഞെടുപ്പാണ്, ശത്രുതയോ യുദ്ധമോ ഇല്ല, ഇത് സൗഹൃദ മത്സരമാണെന്നും തരൂര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് ആവശ്യമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നും അതല്ല പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണെങ്കില്‍ ഖാര്‍ഗെക്ക് വോട്ട് ചെയ്തോളൂവെന്നും കഴിഞ്ഞ ദിവസം തരൂര്‍ വ്യക്തമാക്കി.
ശശി തരൂരും പാര്‍ട്ടി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മത്സര രംഗത്തുള്ളത്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയായിരുന്നു തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വെള്ളിയാഴ്ചയാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 17 ന് തെരഞ്ഞെടുപ്പ് നടക്കും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവസാന നിമിഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ മത്സരത്തിലേക്ക് ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കുന്നത്. നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നായിരുന്നു ഗെലോട്ടിന്റെ നിലപാട്. ഇത് പാര്‍ട്ടി നേതൃത്വം വിസമ്മതിച്ചതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാഗമാകില്ലെന്ന് ഗെലോട്ട് വ്യക്തമാക്കിയിരുന്നു.