കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറെ കാര്യക്ഷമതയുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. വലിയ ബഹുമാനമാണ് പിണറായി വിജയനോടുള്ളതെന്നും ശശി തരൂര്‍ പ്രതികരിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പിണറായി വിജയന്‍ ഒരു വാക്കുനല്‍കിയിട്ടുണ്ടെങ്കില്‍ നടന്നുവെന്നാണ് അര്‍ത്ഥം. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അങ്ങേയറ്റം കാര്യബോധമുള്ള വ്യക്തിയായിട്ടാണ് മനസ്സിലാക്കാനായതെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചനയും ശശി തരൂര്‍ നല്‍കി.
‘വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. അത്തരമൊരു ആക്രമണം നേരിട്ടാല്‍ ചിരിച്ചുകൊണ്ട് നേരിടും.
പാര്‍ട്ടിയിലെ വിഭാഗീയത ദൗര്‍ഭാഗ്യകരമാണ്. അത് പരിഹരിക്കപ്പെടും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. രാഹുല്‍ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ട് വരും. ഞങ്ങള്‍ക്ക് മുന്നില്‍ മികച്ച നിരവധി സാധ്യതകള്‍ ഉണ്ട്,’ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്നും ശശി തരൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പോലെ ജനങ്ങളുമായി ഇത്രയും ഹൃദയബന്ധമുള്ള മറ്റൊരു നേതാവിനെ കേരളത്തിലെ ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ല. ശ്രമിച്ചാല്‍ പോലും തനിക്ക് ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ കഴിയില്ല. മാതൃകാപരമായി കാര്യങ്ങള്‍ ചെയ്യുന്നവരെ ബഹുമാനിക്കുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHTS: Congress leader Shashi Tharoor MP said that Chief Minister Pinarayi Vijayan is a very efficient leader