| Tuesday, 22nd November 2022, 11:56 am

'എയും ഐയും ഒക്കെ കൂടുതലാണ്, ഇനിയൊരു ഒയും ഇയുമൊന്നും വേണ്ട'; കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തന്റെ മലബാര്‍ പര്യടനം വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടിയില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് യു.ഡി.എഫ്. എം.പിമാര്‍ യു.ഡി.എഫ് ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനകത്ത് എയും ഐയും ഒക്കെ കൂടുതലാണ്. ഒയും ഇയുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കില്‍ യു ആണ് വേണ്ടത്, യുണൈറ്റ് കോണ്‍ഗ്രസാണ് ആവശ്യമുള്ളതെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ തരൂര്‍ ശ്രിമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യമെന്നും തരൂര്‍ വ്യക്തമാക്കി.

മലബാര്‍ പര്യടനത്തിന്റെ ഭാഗമായാണ് തരൂര്‍ പാണക്കാട്ടെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍വഹാബ്, കെ.പി.എ .മജീദ്, പി.എം.എ സലാം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഇടപെടാതെയും പരസ്യപ്രസ്താവന നടത്താതെയും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലീഗിന്റെ തീരുമാനം. തരൂരുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

പര്യടനം ഏകോപിപ്പിക്കുന്ന എം.കെ. രാഘവന്‍ എം.പിയും തരൂരിന്റെ കൂടെയുണ്ട്. ഞായറാഴ്ചയാണ് തരൂരിന്റെ മലബാര്‍ പര്യടനം ആരംഭിച്ചത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയര്‍ന്നതോടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഇടപെട്ട് പ്രസ്താവനകള്‍ വിലക്കിയിട്ടുണ്ട്.

വൈകിട്ട് കോഴിക്കോടും മറ്റന്നാള്‍ കണ്ണൂരും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് തരൂര്‍ പര്യടനം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുക.

 

CONTENT HIGHLIGHT: Congress leader Shashi Tharoor MP said his Malabar tour should not be controversial

 
We use cookies to give you the best possible experience. Learn more