മലപ്പുറം: തന്റെ മലബാര്‍ പര്യടനം വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടിയില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് യു.ഡി.എഫ്. എം.പിമാര്‍ യു.ഡി.എഫ് ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനകത്ത് എയും ഐയും ഒക്കെ കൂടുതലാണ്. ഒയും ഇയുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കില്‍ യു ആണ് വേണ്ടത്, യുണൈറ്റ് കോണ്‍ഗ്രസാണ് ആവശ്യമുള്ളതെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ തരൂര്‍ ശ്രിമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യമെന്നും തരൂര്‍ വ്യക്തമാക്കി.
മലബാര്‍ പര്യടനത്തിന്റെ ഭാഗമായാണ് തരൂര്‍ പാണക്കാട്ടെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍വഹാബ്, കെ.പി.എ .മജീദ്, പി.എം.എ സലാം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.