ന്യൂദല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ആഹ്വാനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് നേതാവ് തെഹ്സീന്‍ പൂനേവാല.
ഹിന്ദുവായ തന്റെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് “” നിങ്ങളെ കൊണ്ടാവുന്നത് ചെയ്യൂ”” എന്ന് വെല്ലുവിളിച്ചാണ് തെഹ്‌സീന്‍ പൂനേവാല രംഗത്തെത്തിയത്.
“”ഞാനെന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, ഇനി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നത് കാണിക്കൂ, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു”” -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടനയുടെ വേദിയിലായിരുന്നു സദാചാര പൊലീസിംഗിനും ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്ന പ്രസ്താവന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ നടത്തിയത്.
“”നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്. ജാതി, മതം എന്നിവയൊന്നും പരിഗണിക്കേണ്ടതില്ല”” എന്നായിരുന്നു അനന്ത് കുമാറിന്റെ വാക്കുകള്‍.
താജ്മഹല്‍, കുത്തബ് മിനാര്‍ തുടങ്ങിയവ മുഗള്‍ നിര്‍മ്മിതികള്‍ അല്ലെന്ന ചരിത്രവിരുദ്ധ പരാമര്‍ശവും മന്ത്രി നടത്തിയിരുന്നു.
ഭരണഘടനയില്‍ നിന്ന് മതേതരത്വം എടുത്ത് കളയുമെന്ന് മുന്‍പ് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഉത്തര കന്നഡ ജില്ലയിലെ എം.പിയായ അനന്ത് കുമാര്‍. ഹെഗ്ഡെയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ആളുകള്‍ എം പിമാരാകുന്നതും മന്ത്രിമാരാകുന്നതും ദുഖഃകരമാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുസ്‌ലീം സ്ത്രീക്ക് പിന്നാലെ പോയ ആളാണെന്നായിരുന്നു ഹെഗ്‌ഡെ തിരിച്ചടിച്ചത്. ഹെഗ്‌ഡെയുടെ ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ബി.ജെ.പി നേതാക്കന്മാരില്‍ നിന്നും കൂടുതല്‍ സംസ്‌ക്കാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.