| Thursday, 14th July 2022, 5:07 pm

'അക്ഷരങ്ങള്‍ക്ക് കൂടി ഇനി വിലക്ക് വന്നേക്കാം, അഴിമതി എന്ന നാമം ഇല്ലെങ്കിലും അഴിമതി എന്ന കര്‍മം നിരോധിച്ചിട്ടില്ല'; ഷാനിമോള്‍ ഉസ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. വാക്കുകള്‍ക്ക് വിലക്ക് വന്നെന്നും ഇനി അക്ഷരങ്ങള്‍ക്ക് കൂടി വിലക്ക് വന്നേക്കാമെന്നും ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ഇപ്പോള്‍ വാക്കുകള്‍ക്ക് വിലക്ക്, ഇനി അക്ഷരങ്ങള്‍ക്ക് കൂടി വിലക്ക് വന്നേക്കാം, തിരുവായ്ക്ക് എതിര്‍വാ പാടില്ലല്ലോ, നിരക്ഷരരായ ഒരു ജനതയെങ്കില്‍ ഒന്നൂടെ എളുപ്പമായിരുന്നു. ഫാസിസം ഇതില്‍ കൂടുതല്‍ എന്ത് ലക്ഷണമാണ് കാണിക്കേണ്ടത്? ഭരണനിഘണ്ടുപുറത്തു വന്നിരിക്കുന്നു.

അതില്‍ അഴിമതി എന്ന നാമം ഇല്ല, പക്ഷെ അഴിമതി എന്ന കര്‍മം നിരോധിച്ചിട്ടില്ല. പ്രതിപക്ഷവും വേണ്ട വൈവിധ്യവും വേണ്ട, മതേതരത്വവും വേണ്ട ജനാധിപത്യവും വേണ്ട. ഈ മഹത്തായ രാജ്യത്തിന്റെ സകല പൈതൃകവും ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെ ഒരുമിച്ച് ശബ്ദിക്കാം,’ എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ എഴുതിയത്.

അതേസമയം, വിലക്കേര്‍പ്പെടുത്തിയ വാക്കുകള്‍ മോദിയേയും മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയേയും വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളാണെന്നും പ്രതിപക്ഷം പറഞ്ഞു. മോദിക്ക് തന്റെ ഗുണങ്ങള്‍ അറിയാമല്ലേയെന്നും പ്രതിപക്ഷം പരിഹസിച്ചു.

65 വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്. മന്ദബുദ്ധി, അരാജകവാദി, കൊവിഡ് വാഹകന്‍, സ്വേച്ഛാധിപതി, കഴിവില്ലാത്തവന്‍, ഗുണ്ടായിസം, കാപട്യം, കരിദിനം എന്നിവയുള്‍പ്പെടെയുള്ള വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്‌സഭ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പുതിയ ലഘുലേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പട്ടിക പുറത്തിറക്കിയതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നിലവില്‍ വിലക്കേര്‍പ്പെടുത്തിയ വാക്കുകള്‍ പ്രതിപക്ഷം സാധാരണയായി മോദിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നവയാണെന്നും, വിലക്ക് പ്രാബല്യത്തില്‍ വരുന്നതോടെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാക്കുകള്‍ സഭാ ചട്ടങ്ങള്‍ എതിരായി മാറുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

മോദിക്ക് ഏതായാലും തന്റെ ‘ഗുണങ്ങളെ’ക്കുറിച്ച് അറിയാമല്ലോ എന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയുടെ പരിഹാസം.

ചോദ്യോത്തരത്തിനും, വിമര്‍ശനങ്ങള്‍ക്കുമുള്ള വേദിയല്ലാതെ എല്ലാത്തിനും ‘ശരി സര്‍’ എന്ന പറയുന്ന സ്ഥലമാക്കി മാറ്റാനാണ് നിലവിലെ നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

CONTENT HIGHLIGHTS:  Congress leader Shanimol Usman reacted to the ban on words in Parliament

We use cookies to give you the best possible experience. Learn more