| Wednesday, 2nd November 2022, 12:47 pm

'ഫ്രീസറില്‍ വെച്ച് ഓര്‍ഡര്‍ പൊടിതട്ടി എടുക്കാമെന്ന് വെച്ചാല്‍ സമരം ശക്തമാക്കും'; ഉത്തരവ് പൂര്‍ണമായും റദ്ദാക്കണമെന്ന് ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിച്ചാല്‍ മാത്രം പോരാ പൂര്‍ണമായും റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഒളിച്ച് കടത്താന്‍ ശ്രമിച്ച യുവജന വിരുദ്ധ ഉത്തരവിനെതിരെ ഉയര്‍ന്ന യുവജനരോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഉത്തരവ് പൂര്‍ണമായും റദ്ദ് ചെയ്ത് എവിടെയും നടപ്പിലാക്കില്ലെന്ന ഉറപ്പ് യുവാക്കള്‍ക്ക് നല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

‘പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാവുന്ന സര്‍ക്കാരാണ് ഇതെന്ന അഭിപ്രായം ഇല്ല. അതുകൊണ്ട് തന്നെ മരവിപ്പിക്കല്‍ കൊണ്ടു മാത്രം തൃപ്തരാകില്ല. അങ്ങേയറ്റം യുവജന വിരുദ്ധമായ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയാത്ത തീരുമാനമായിരുന്നു പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍. തീരുമാനം പൂര്‍ണമായും റദ്ദാക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. യുവജനങ്ങളുടെ രോഷം ഭയന്നാണ് സര്‍ക്കാരിന് ഉത്തരവ് മരവിപ്പിക്കേണ്ടി വന്നത്. അത് പൂര്‍ണമായും റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്’, ഷാഫി പറഞ്ഞു.

ഇനി പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലാ എന്ന് സര്‍ക്കാര്‍ സംശയങ്ങള്‍ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കണം. ഇപ്പോള്‍ ഫ്രീസറില്‍ വെച്ച് ഇനി ഈ ഓര്‍ഡര്‍ പൊടിതട്ടി എടുക്കാമെന്ന് വെച്ചാല്‍ സമരം ശക്തമാക്കുമെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ വേണ്ടെന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി. പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താനുള്ള ധനവകുപ്പ് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കും.

കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിക്കാനുള്ള ഉത്തരവ് വന്നത്. നിലവില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത വിരമിക്കല്‍ പ്രായപരിധിയാണുള്ളത്. ഇതെല്ലാം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ധനവകുപ്പ് ഉത്തരവ്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം.

പെന്‍ഷന്‍ പ്രായവര്‍ധനയെ എതിര്‍ത്ത് ഇടത് യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

Content Highlight: Congress Leader Shafi parambil’s Reaction on pension age order Withdrawal

We use cookies to give you the best possible experience. Learn more