മുംബൈ: രാജിവെച്ച എം.എല്‍.എമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കവെ നിലപാട് വ്യക്തമാക്കി എം.എല്‍.എമാര്‍. രാജി പിന്‍വലിക്കില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എ എസ്.ടി സോമശേഖര്‍ പറഞ്ഞു.
‘ഞങ്ങള്‍ പതിമൂന്ന് എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുകയും ഗവര്‍ണറെ ഇക്കാര്യം അറിയിച്ചതുമാണ്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. തിരിച്ചു ബെംഗളൂരുവിലേക്ക് പോകുന്നതിനെ കുറിച്ചോ രാജി പിന്‍വലിക്കുന്നതിനെ കുറിച്ചോ ഒരു ചോദ്യം ഉദിക്കുന്നതേയില്ല”- എസ്.ടി സോമശേഖര്‍ വ്യക്തമാക്കി.
എം.എല്‍.എമാരുടെ രാജി പിന്‍വലിപ്പിക്കാനായി കോണ്‍ഗ്രസ് ഇവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എം.എല്‍.എമാരുമായുള്ള കോണ്‍ഗ്രസിന്റെ വിലപേശല്‍ പുരോഗമിക്കുന്നതിനിടെയാണ് രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.എല്‍.എമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, എം.എല്‍.എമാരുടെ കൂട്ടരാജിയ്ക്ക് പിന്നില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ ആരോപിച്ചിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് എം.എല്‍.എമാര്‍ വിമതരായതെന്നും ദേവഗൗഡ ഡി.കെ ശിവകുമാറുമായുള്ള യോഗത്തിലും ആവര്‍ത്തിച്ചു.
‘സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നില്‍ സിദ്ധരാമയ്യയാണെന്ന് എനിക്കറിയാം. രാജിവെച്ച എം.എല്‍.എമാരെല്ലാം അദ്ദേഹത്തിന്റെ അനുയായികളാണ്’ ദേവഗൗഡ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അമേരിക്കയില്‍നിന്ന് തിരികെയെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ജെ.ഡി.എസ് എം.എല്‍. എമാരുടെ യോഗം ഇന്നു രാത്രി ഒരു ഹോട്ടലില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.