മണിക് സർക്കാരിന്റെ മകനും മകളും ബി.ജെ.പിയിൽ ചേർന്നെന്ന് ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ്; മക്കളില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അവതാരകൻ
Kerala News
മണിക് സർക്കാരിന്റെ മകനും മകളും ബി.ജെ.പിയിൽ ചേർന്നെന്ന് ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ്; മക്കളില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അവതാരകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 12:57 pm

തിരുവനന്തപുരം: മക്കളില്ലാത്ത ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ മണിക് സർക്കാരിന്റെ മകനും മകളും ബി.ജെ.പിയിലാണെന്ന് കോൺഗ്രസ്‌ നേതാവ് ബി.ആർ.എം. ഷഫീർ.

പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ്‌ ന്യൂസിലെ ചർച്ചക്കിടയിൽ ഷഫീർ നടത്തിയ പ്രസ്താവന ചാനൽ അവതാരകൻ തന്നെ പൊളിക്കുകയായിരുന്നു.

മണിക് സർക്കാരിന്റെ മക്കൾ ആഘോഷപൂർവം ബി.ജെ.പിയിലേക്ക് പോയതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നോക്കിയാൽ കാണാമെന്നും ഷഫീർ ചർച്ചയിൽ അവകാശപ്പെട്ടിരുന്നു.

‘ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ മകനും മകളും ഇന്ന് സി.പി.ഐ.എമ്മിലില്ല. ആഘോഷപൂർവമാണ് മണിക് സർക്കാരിന്റെ മകനെയും മകളെയും ബി.ജെ.പിയിലേക്ക് കൊണ്ടുവന്നത്. പടങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നെറ്റിൽ അടിച്ചുനോക്കിയാൽ കാണാം,’ ഷഫീർ പറഞ്ഞു.

അങ്ങനെയൊരു വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അവതാരകൻ അബ്ജോത് വർഗീസ് പറഞ്ഞപ്പോഴും ഷഫീർ തന്റെ നിലപാടിൽ ഉറച്ചുനിന്നു.

മണിക് സർക്കാരിന്റെ കുടുംബത്തിൽ നിന്ന് ആരും ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും ഈ ചർച്ചയിൽ വിജയിക്കാൻ ഷഫീർ നുണ പറയുകയാണെന്നും സി.പി.ഐ.എം നേതാവ് കെ.എസ്. അരുൺകുമാർ പറഞ്ഞു.

എന്നാൽ ഒരാൾ പോലും ബാക്കിയില്ലാതെ മണിക് സർക്കാരിന്റെ കുടുംബം ഒന്നാകെയാണ് ബി.ജെ.പിയിലേക്ക് പോയതെന്ന് ഷഫീർ മറുപടി നൽകി.

എന്നാൽ താൻ ഈ കാര്യം പരിശോധിച്ചുവെന്നും മണിക് സർക്കാരിനും പങ്കാളിക്കും മക്കളില്ല എന്നും അബ്ജോത് അറിയിച്ചു. തുടർന്ന് ഷഫീർ നിരുപാധികം മാപ്പ് പറയണമെന്ന് കെ.എസ്. അരുൺകുമാർ ആവശ്യപ്പെട്ടു.

തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും പ്രസ്താവന പിൻവലിക്കുകയാണെന്നും അറിയിച്ച ഷഫീർ മാപ്പ് പറയില്ലെന്നും ചർച്ചയിൽ പറഞ്ഞു.

Content Highlight: Congress leader says Manik Sarkkar’s children joined BJP; Nerws Anchor says he has no offsprings