കണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഗുരുതര നിലയിലായിരുന്നു.
ഇന്നലെ രാത്രിയോടെ ഹൃദയാഘാതവുമുണ്ടായിരുന്നു. അല്‍പസമയം മുമ്പാണ് മരണം സ്ഥിരീകരിച്ചത്.
കെ.എസ്.യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം 1999ല്‍ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടു.
2001ല്‍ മനമ്പുഴ മണ്ഡലത്തില്‍ നിന്നും വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചാണ് ശ്രദ്ധേയനായത്. 2001 മുതല്‍ 11 വര്‍ഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.
അഞ്ച് തവണ നിയമസഭയിലേക്കും ഒരു പ്രാവശ്യം ലോകസഭയിലേക്കും മത്സരിച്ചു. 1996ല്‍ തളിപ്പറമ്പില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്.
കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ രംഗത്തേക്കെത്തിയ നേതാവ് കൂടിയാണ് സതീശന്‍ പാച്ചേനി. കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവ പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പരേതരായ പാലക്കീല്‍ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍ പാച്ചേനി ജനിച്ചത്.
Content Highlight: Congress leader Satheeshan Pacheni passed away