Advertisement
Kerala News
ഫ്‌ളക്‌സ് പ്രിന്റ് ചെയ്തില്ലെന്നാരോപിച്ച് കടയുടമയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 28, 07:18 am
Friday, 28th December 2018, 12:48 pm

തിരുവനന്തപുരം: ഫ്ളെക്സ് കടയുടമയ്ക്കു നേരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദാണ് കടയുടമയേയും ഭാര്യയെയും കയ്യേറ്റം ചെയ്തത്. പണം നല്‍കാതെ ഫ്ളെക്സ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കാവടിയാറിന് സമീപത്തെ ഫ്ളെക്സ് പ്രിന്റിംഗ് കടയിലെത്തിയാണ് ശരത്ചന്ദ്രപ്രസാദ് പരസ്യമായി ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ദൃശ്യങ്ങളില്‍ ശരത്ചന്ദ്രപ്രസാദ് ക്രൂരമായി മര്‍ദ്ദിക്കുന്നത് വ്യക്തമാണ്.

Read Also : “ഞാന്‍ ആ സമുദായത്തില്‍ നിന്നുള്ളയാളാണ്” മുസ്‌ലീം സമുദായത്തെ അടച്ചാക്ഷേപിച്ച ട്വിറ്റര്‍ ട്രോളിന് ലെഫ്റ്റനന്റ് ജനറലിന്റെ മറുപടി

താന്‍ എന്റെ പരിപാടി പൊളിക്കുമല്ലടാ എന്നു പറഞ്ഞ് ആക്രോശിക്കുകയും ഓഫീസിലെ ഫര്‍ണീച്ചര്‍ എടുത്ത് തന്നെ അടിച്ചെന്നുമാണ് കടയുടമയുടെ പരാതി. തന്റെ നിലവിളി കേട്ടപ്പോള്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യയും മകനും ഓടിയെത്തിയതോടെയാണ് അടി നിര്‍ത്തിയതെന്നും ഉടമ സുരേഷ് പറയുന്നു. കോണ്‍ഗ്രസ് നേതാവിന്റെ നെറികെട്ട നടപടിക്കെതിരെ കെ.പി.സി.സിയ്ക്കും പൊലീസിനും പരാതി നല്‍കുമെന്നും കടയുടമ പറഞ്ഞു.

നേരത്തെ നിരവധി തവണ ശരതിനായി ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയിട്ടുണ്ടെന്നും അതില്‍ ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ടെന്നും സുരേഷ് പറയുന്നു. ശരത്തിനെതിരെ നേരത്തെ കോണ്‍ഗ്രസ് നേതാക്കളോട് പരാതി പറഞ്ഞിരുന്നതായും സുരേഷ് പറയുന്നു.