| Saturday, 29th January 2022, 3:23 pm

പരിക്കേറ്റ സൈനികരുടെ പെന്‍ഷനില്‍ പോലും നികുതി ചുമത്തിയവരാണ് രാജ്യസ്‌നേഹത്തെയും സൈനികരുടെ ത്യാഗത്തെയും കുറിച്ച് പറയുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. എല്ലായ്‌പ്പോഴും രാജ്യസ്‌നേഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് സായുധ സേനയില്‍ നിലവിലുള്ള 1.22 ലക്ഷം ഒഴിവുകള്‍ നികത്താത്തത് എന്ന് അദ്ദേഹം ചോദിച്ചു.

പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചണ്ഡിഗഢിലെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സൈന്യത്തിന്റെ താല്‍പര്യങ്ങളില്‍ എങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നു എന്ന് വ്യക്തമാക്കുന്ന ‘ശൗര്യ കേ നാം പര്‍ വോട്ട്, സേനാ കേ ഹിത്‌ലോണ്‍ പര്‍ ചോട്ട്’ എന്ന ബുക്ക്‌ലെറ്റ് പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു പൈലറ്റ് ഇക്കാര്യം പറഞ്ഞത്.

സായുധ സേനയില്‍ 1,22,555 ഒഴിവുകള്‍ ഉണ്ടന്ന് സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ സമ്മതിച്ചതാണെന്നും എന്നാല്‍ ആ ഒഴിവുകള്‍ നികത്താനോ സൈന്യത്തിന്റെ ക്ഷേമത്തിനായോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

‘ദേശസ്‌നേഹത്തെ കുറിച്ച് വാചാലരാവുന്നവര്‍ എന്തുകൊണ്ടാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ തയ്യാറാവത്തത് എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കണം.

സൈന്യത്തില്‍ 1,22,555 ഒഴിവുകള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. ഇതില്‍ പതിനായിരം ഒഴിവുകള്‍ ഉദ്യോഗസ്ഥരുടെതുമാണ്. സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച നടത്തുന്നു എന്നതല്ലേ ഇത് വ്യക്തമാക്കുന്നത്,’ സച്ചിന്‍ പൈലറ്റ് ചോദിക്കുന്നു.

ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ‘ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ധീരരായ ഒരുപാട് പേര്‍ ഈ രാജ്യത്തെയും പഞ്ചാബ് എന്ന അതിര്‍ത്തി സംസ്ഥാനത്തേയും പടുത്തുയര്‍ത്തിയത്. ജനങ്ങള്‍ സൈന്യത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തിരിച്ചറിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സച്ചിന്‍ പൈലറ്റ് പറയുന്നു.

യുദ്ധമുഖത്ത് നിന്നും പരിക്കേറ്റ വികലാംഗരുടെ പെന്‍ഷനില്‍ പോലും നികുതി ചുമത്തിയവരാണ് കേന്ദ്രമെന്നും ഏഴാം ശമ്പളക്കമ്മീഷനില്‍ നിന്നുപോലും അവരെ തഴഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിന്‍ പൈലറ്റിന്റെ ക്യാമ്പെയ്ന്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ കണക്കുകൂട്ടുന്നത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമയി ബന്ധപ്പെട്ട തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും കോണ്‍ഗ്രസില്‍ ഉടലെടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കും പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനുമിടയിലുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ‘രണ്ട് പേര്‍ക്ക് നയിക്കാനാവില്ല, ഒരാള്‍ക്ക് മാത്രമേ സാധിക്കൂ’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സാധാരണ ഞങ്ങള്‍ ഇങ്ങനെ ചെയ്യാറില്ല. പക്ഷെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതാണ് വേണ്ടതെങ്കില്‍, ഞങ്ങള്‍ ഒരാളെ തെരഞ്ഞെടുക്കും,” പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിനിടെ രാഹുല്‍ പറഞ്ഞു.

ചരണ്‍ജിത് സിംഗ് ചന്നിയും നവ്ജ്യോത് സിംഗ് സിദ്ദുവും വേദിയിലിരിക്കെയായിരുന്നു രാഹുലിന്റെ പ്രതികരണം.

”രണ്ട് പേര്‍ക്ക് നയിക്കാന്‍ പറ്റില്ലല്ലോ, ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. ഒരാള്‍ നയിക്കുമ്പോള്‍ മറ്റെയാള്‍ പിന്തുണക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. രണ്ട് പേര്‍ക്കും കോണ്‍ഗ്രസ് എന്ന ചിന്തയാണ് മനസിലുള്ളത്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് വേണ്ടി ക്യാമ്പെയിന്‍ നടത്തുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞു.

തെരഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തീരുമാനിക്കൂ എന്നായിരുന്നു മുമ്പ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും ഫലം അറിയുക.

Content highlight: Congress leader Sachin Pilot slams central government before Punjab Assembly election

Latest Stories

We use cookies to give you the best possible experience. Learn more