അനില്‍ ആന്റണിയുടെ രാജി; പ്രതികരിക്കാനില്ലെന്ന് എ.കെ. ആന്റണി, സ്വാഗതം ചെയ്ത് വി.ടി. ബല്‍റാം, നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി
Kerala News
അനില്‍ ആന്റണിയുടെ രാജി; പ്രതികരിക്കാനില്ലെന്ന് എ.കെ. ആന്റണി, സ്വാഗതം ചെയ്ത് വി.ടി. ബല്‍റാം, നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 11:09 am

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിലെ പദവികളില്‍ നിന്നുള്ള അനില്‍ കെ. ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് പിതാവ് കൂടിയായ എ.കെ. ആന്റണി.

എന്നാല്‍ രാജി മാത്രം പോരെന്നും അനിലിനെതിരെ സംഘടനാപരമായ നടപടി വേണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസവും റിജില്‍ മാക്കുറ്റി അനിലിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

”അപക്വമായ നിലപാട് പറഞ്ഞതിന്റെ പേരില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി അവസാനം രാജി വെക്കുന്നതുകൊണ്ട് കാര്യമില്ല. അയാള്‍ക്കെതിരെ സംഘടനാപരമായ നടപടി കൂടി ആവശ്യമാണ്, പ്രത്യേകിച്ച് ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ നടത്തിയ കൂട്ടക്കൊല ചര്‍ച്ചയായിരിക്കുമ്പോള്‍.

ബി.ബി.സി ഡോക്യുമെന്ററിയില്‍ ബി.ജെ.പിക്ക് അനുകൂലമായ ഒരു നിലപാട് അനില്‍ ആന്റണിയെ പോലെ ഒരാള്‍ അപക്വമായി പറയാന്‍ പാടില്ലായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായ ആ പ്രതികരണം അത്ഭുതപ്പെടുത്തി. അത് പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്, ഒട്ടും ഗുണകരമല്ല

ഇത് രാജികൊണ്ട് തീരുന്നതല്ല. സംഘടനാപരമായ നടപടി കൂടി വേണമെന്നാണ് എനിക്ക് പറയാനുള്ളത്,” റിജില്‍ മാക്കുറ്റി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണ് ഉള്ളതെന്ന അനില്‍ ആന്റണിയുടെ രാജിക്കത്തിലെ വിമര്‍ശനത്തോട്, ‘അതിനൊന്നും മറുപടി പറയാന്‍ ഞാനില്ല, മറുപടി അര്‍ഹിക്കുന്നില്ല. അദ്ദേഹമൊക്കെ എപ്പോഴാണ് ഈ പാര്‍ട്ടിയില്‍ വന്നതെന്ന് നമുക്കറിയാം.

ഇന്നലെ പറഞ്ഞത് പോലെ, പാര്‍ട്ടിക്ക് വേണ്ടി അല്‍പമെങ്കിലും വെയിലത്തും മഴയത്തും താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചുവന്ന ആളാണെങ്കില്‍ ഇത് പറയുന്നതില്‍ ഒരു ലോജിക്കുണ്ട്. ഇത്തരം പ്രസ്താവനകള്‍ കാണുമ്പോള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ അദ്ദേഹം ആരുടെയെങ്കിലും ഏജന്റായി പ്രവര്‍ത്തിക്കുകയാണോ എന്ന് പോലും സംശയം തോന്നും,’ എന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.

അനില്‍ ആന്റണിയുടെ രാജിയെ വി.ടി. ബല്‍റാം സ്വാഗതം ചെയ്തു. ”രാജിവെക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ആ നിലയ്ക്ക് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഡോക്യുമെന്ററിയുടെ കാര്യത്തില്‍ അദ്ദേഹമെടുത്ത നിലപാടിനോട് കേരളത്തിലെ കോണ്‍ഗ്രസിന് യോജിക്കാനാവില്ല.

അതുകൊണ്ട് തന്നെ തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പാര്‍ട്ടി സ്ഥാനങ്ങളില്‍ തുടരാനാവില്ല എന്ന് അദ്ദേഹത്തിനും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പദവി ഒഴിയുകയാണെങ്കില്‍ അതില്‍ ഒട്ടും അപാകതയില്ല.

കേരളത്തിലെ പാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തെ അടിയന്തരമായി പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. അതുകൊണ്ട് അനിവാര്യമായ രാജി എന്ന നിലയിലാണ് ഇതിനെ കാണുന്നത്,” വി.ടി. ബല്‍റാം പറഞ്ഞു.

കെ.പി.സി.സി എന്നിവയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍, എ.ഐ.സി.സി മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നതായി അല്‍പസമയം മുമ്പാണ് അനില്‍ ആന്റണി പ്രഖ്യാപിച്ചത്. രാജിക്കത്ത് അനില്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു.

2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് എ.കെ. ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണി കഴിഞ്ഞദിവസം പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരാണുള്ളതെന്നും പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നുമാണ് രാജിക്കത്തിലുള്ളത്.

‘അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ എന്റെ ട്വീറ്റ് പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്യുന്നു, ഞാനത് നിരസിച്ചു,’ എന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നുമായിരുന്നു അനില്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

”ബി.ജെ.പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മുന്‍വിധികളുടെ ഒരു നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യയിലുള്ളവര്‍ ഏറ്റുപിടിക്കുന്നത് അവര്‍ക്ക് അപകടകരമാം വിധം മുന്‍തൂക്കം നല്‍കുമെന്നും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്,” എന്നായിരുന്നു ട്വീറ്റ്.

യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി.ബി.സി ഡോക്യുമെന്ററി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ ട്വീറ്റും.

2002ലെ ഗുജറാത്ത് വംശഹത്യയെയും മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്കിനെയും കുറിച്ചാണ് ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗം പറയുന്നത്.

കലാപത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങളും ദൃക്സാക്ഷികളായവര്‍ ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് പുറത്തിറങ്ങി.

Content Highlight: Congress leader’s reaction on Anil Antony’s resignation